അനായാസ ജയം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പ്രതിരോധത്തില്‍; ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുകോട്ടകളായ പാലക്കാടും ആലത്തൂരും യുഡിഎഫ് മുന്നേറ്റം

കൊച്ചി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് മികച്ച വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. തീരെ വിജയപ്രതീക്ഷ ഇല്ലാതെ പ്രചാരണത്തില്‍ തുടക്കത്തില്‍ ഏറെ പിന്നില്‍ നിന്ന പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയത് ചിട്ടയായ പ്രവര്‍ത്തനം നടന്നതുകൊണ്ടുമാത്രമാണ്.

യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ചാലക്കുടി, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുടെ അമിത ആത്മവിശ്വാസം മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്നോട്ട് വലിച്ചത് എന്ന് കരുത്തപ്പെടുന്നുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അമിത ആത്മവിശ്വാസം കൊണ്ട് കളഞ്ഞുകുളിച്ച ഒന്നാമത്തെ മണ്ഡലം ചാലക്കുടി തന്നെയാണ്. തുടര്‍ന്നുവന്ന ട്വന്റി 20 വിവാദവും സഭാ തര്‍ക്കവുമെല്ലാം യു ഡി എഫിന്റെ വിജയ സാധ്യതകളെ വല്ലാതെ ബാധിച്ചു.

ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ശശിതരൂര്‍ കോണ്‍ഗ്രസിനായി മത്സരിക്കുന്ന തിരുവനന്തപുരത്ത് ഇപ്പോഴും പല സ്ഥലങ്ങളിലും ബൂത്തുതല പ്രവര്‍ത്തനങ്ങള്‍പോലും ഇനിയും തുടങ്ങിയിട്ടില്ല. പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇത് തന്നെയാണ് അവസ്ഥ. നമ്മള്‍ ആരും തന്നെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയില്ലെങ്കിലും ജയിക്കും എന്ന ശൈലിയാണ് നേതാക്കള്‍ പലരും സ്വീകരിച്ചിരിക്കുന്നത്.

യു ഡി എഫിന് കാര്യമായ മുന്‍തൂക്കമുള്ള സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും നിലവില്‍ കടുത്ത മത്സരം എന്ന പ്രതീതി ഉണ്ടായത് ഈ ‘അനായാസേന പ്രതീക്ഷ’യുമായി നടന്ന നേതാക്കളുടെ സമീപനമാണ്. അതേസമയം, തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ചുവരുന്ന ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ സ്ഥിതി നേരെ വിപരീതമായി. യു ഡി എഫിന് മണ്ഡലത്തില്‍ നാളുകളായി ജനപ്രതിനിധികളില്ലെന്നതിനാല്‍ ഇത്തവണ എങ്കിലും ഒരു വിജയം ഉണ്ടാകണമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതാണ് ഇതിന് കാരണം.

ജയപ്രതീക്ഷ ഉളവാക്കാന്‍ ഉതകുന്ന സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പതിവിന് വിപരീതമായി ചെയ്ത സംഭാവന. മത്സരിക്കാന്‍ ശക്തരായ സ്ഥാനാര്‍ഥികളെ കിട്ടിയതോടെ സാമ്പത്തിക പരാധീനത പോലും വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലത്തൂരും പാലക്കാട്ടും ഉണ്ടായ നേട്ടം.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് ത്തുക കുറവെങ്കിലും മികച്ച ഒരാളെ സ്ഥാനാര്‍ഥിയായി നല്‍കിയാല്‍ പ്രവര്‍ത്തകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന് തെളിവാണ് ആലത്തൂരിലെ രമ്യ ഹരിദാസ്. ഒന്നായി ശ്രമിച്ചാല്‍ ജയ സാധ്യതയുണ്ടെന്ന പ്രതീക്ഷ മാത്രം കൈമുതലാക്കിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ പ്രചരണ രംഗത്തിറങ്ങിയത്. പ്രചാരണത്തില്‍ രണ്ടാംഘട്ടത്തിന്റെ പാതിഭാഗം മുതല്‍ വി കെ ശ്രീകണ്ഠനും എം ബി രാജേഷും ഒപ്പത്തിനൊപ്പമെന്ന സ്ഥിതിയെത്തി. നിലവില്‍ മൂന്നാംഘട്ടത്തില്‍ മണ്ഡലത്തില്‍ ശ്രീകണ്ഠന്‍ വ്യക്തമായ മുന്നേറ്റം സ്ഥാപിച്ചുകഴിഞ്ഞു.

ഇതുതന്നെയായിരുന്നു കാസര്‍കോടും ആറ്റിങ്ങലും സംഭവിച്ചത്. ചിട്ടയോടെയുള്ള പ്രവര്‍ത്തനം നടന്നതോടെ കാര്യങ്ങള്‍ അനായാസമാകുന്നു എന്ന തോന്നലുണ്ടായി. ഇടുക്കിയില്‍ ആരംഭവും അങ്ങനെ തന്നെ ആയിരുന്നതിനാല്‍ ഡീന്‍ കുര്യാക്കോസ് ശക്തമായ മേല്‍ക്കൈ നേടിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. അതോടുകൂടി യു ഡി എഫിന് ആദ്യം ഉണ്ടായ മേല്‍ക്കൈ നിലനിര്‍ത്താനായില്ല. എന്നാല്‍ വീണ്ടും പ്രചാരണം ശക്തമാക്കിയതോടെ യു ഡി എഫ് വീണ്ടും ആവേശത്തിലായി.

pathram:
Leave a Comment