പാല: വിടപറഞ്ഞത് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസ്ഥാനം വഹിച്ച വ്യക്തി. കേരള രാഷ്ട്രീയത്തില്‍ റെക്കോര്‍ഡുകളുടെ കൂട്ടുകാരനാണ് കെ.എം.മാണി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം (8760 ദിവസം / 24 വര്‍ഷം) മന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തിയാണ് മാണി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മാണിയാണ്–13 തവണ.
മാണിയുടെ റെക്കോര്‍ഡ് നേട്ടങ്ങള്‍
കെ.ആര്‍. ഗൗരിയമ്മയ്ക്കു ശേഷം, നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് 50 വര്‍ഷം തികച്ച ജനപ്രതിനിധി. 1964ല്‍ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാര്‍ച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വിജയം. അന്നു മന്ത്രിസഭ രൂപീകരിച്ചില്ല; നിയമസഭ ചേര്‍ന്നില്ല.
കെ.ആര്‍. ഗൗരിയമ്മയ്ക്കു ശേഷം, 50 വര്‍ഷം തികച്ച എംഎല്‍എ. 1967 മാര്‍ച്ച് 3ന് രൂപീകരിച്ച മൂന്നാം കേരള നിയമസഭയിലാണ് മാര്‍ച്ച് 15ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അംഗമായത്.
ഏറ്റവും കൂടുതല്‍ കാലം (2019 ഏപ്രില്‍ 9 വരെ 18719 ദിവസം / 51 വര്‍ഷം 3 മാസം 9 ദിവസം) എംഎല്‍എ ആയ വ്യക്തി. 2014 മാര്‍ച്ച് 12ന് കെ.ആര്‍. ഗൗരിയമ്മയുടെ റെക്കോര്‍ഡ് തകര്‍ത്തു.
ഒരേ നിയോജകമണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ. പാലായില്‍ നിന്ന് 1965ലേതുള്‍പ്പെടെ തുടര്‍ച്ചയായി 13 തവണ. പാലായില്‍ നിന്ന് മറ്റാരും എംഎല്‍എ ആയിട്ടില്ല.
ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗം. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ (7) മന്ത്രി.
ഏറ്റവും കൂടുതല്‍ തവണ (13) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി.
ഏറ്റവും കൂടുതല്‍ കാലം ധന വകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി. കൂടാതെ റവന്യൂ (10 വര്‍ഷം), ഹൗസിങ് (4 വര്‍ഷം 6 മാസം), ആഭ്യന്തരം (ഒരു വര്‍ഷം 6 മാസം), ജലസേചനം (10 മാസം) തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു.