ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക യാത്രാ പരിപാടികള്‍ അവസാനിക്കുന്നതുവരെ കാത്തിരിക്കുകയാണോ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
ഗുജറാത്തില്‍ പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് രാജ്യസഭാംഗത്തിന്റെ വിമര്‍ശം. അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം ഗുജറാത്ത് സന്ദര്‍ശനത്തിനിടെ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. മറ്റ് പല വികസന പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി നിര്‍വഹിച്ചു.
സര്‍ക്കാര്‍ ചടങ്ങുകളെപ്പോലും പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്ന് അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. ടി.വിയിലും അച്ചടി മാധ്യമങ്ങളിലും റേഡിയോയിലും സര്‍ക്കാര്‍ പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. അവസാന നിമിഷംവരെ സര്‍ക്കാര്‍ ചിലവില്‍ പ്രചാരണം നടത്തുന്നതിനുള്ള അവസര ഒരുക്കുകയാണോ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2017 ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതിന്റെ പേരിലും അന്ന് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
Leave a Comment