ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമാധാനത്തിന് ഒരു അവസരം നല്‍കു എന്ന അഭ്യര്‍ത്ഥനയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ കൃത്യമായ തെളിവുകള്‍ നല്‍കിയാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കള്‍ തീര്‍ച്ചയായും ‘പഠാന്റെ മകനാണെങ്കില്‍’ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍.
ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരായി നമുക്ക് ഒന്നിച്ച് പോരാടാം എന്നും ആശംസിച്ചിരുന്നു. താന്‍ ഒരു പഠാന്റെ മകനാണെന്നും സത്യത്തില്‍ ഉറച്ച് നിന്ന് മാത്രമേ താന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു എന്നായിരുന്നു അപ്പോള്‍ ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഈ വാക്കുകള്‍ ഓര്‍ത്തെടുത്താണ് മോദിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം. ഇറാനില്‍ വേരുകളുള്ള പഠാന്‍ സമുദായക്കാര്‍ ആത്മാഭിമാനത്തിനും കുലീനതയ്ക്കും പേരുകേട്ടവരായാണ് അറിയപ്പെടുന്നത്.
ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണന്നും പുല്‍വാമ ആക്രമണത്തിന് കാരണക്കാര്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും രാജസ്ഥാനില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കിയിരുന്നു. കണക്കുകള്‍ ഇത്തവണ തീര്‍ക്കുക തന്നെ ചെയ്യും. ഏറെ മാറിയ ഇന്ത്യയാണ് ഇത്. ഈ വേദന തങ്ങള്‍ സഹിക്കില്ല. ഭീകരവാദത്തെ എങ്ങനെ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്ക് നന്നായറിയാമെന്നും മോദി റാലിയില്‍ പറഞ്ഞിരുന്നു.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു നേരത്തെയും പാകിസ്താന്റെ നിലപാട്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദും തലവന്‍ മസൂദ് അസറും പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നത് വസ്തുതയാണെന്നും ഇത് തന്നെ നടപടിയെടുക്കാനാവശ്യമായ തെളിവാണെന്നും ഇന്ത്യ മറുപടി നല്‍കി.
മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യ ആവശ്യമായ തെളിവുകള്‍ നല്‍കിയിട്ടും പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി
Leave a Comment