12 വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് 12 വര്‍ഷം തടവുശിക്ഷ

തൃശൂര്‍: 12 വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് 12 വര്‍ഷം തടവും 35,000 രൂപ പിഴയും. പിഴയടയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും അധികതടവ് അനുഭവിക്കണമെന്ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി. സൗന്ദരേഷ് വിധിച്ചു. പിഴയടച്ചാല്‍ ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരയ്ക്കു ക്രിമിനല്‍ നടപടിനിയമം 357 എ വകുപ്പ് പ്രകാരം വിക്ടിം കോമ്പന്‍സേഷന്‍ അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2011 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പുതുക്കാട് സി.ഐയായിരുന്ന പി.എസ്. സുരേഷാണ് അന്വേഷണം നടത്തിയത്. ഓണപ്പരീക്ഷാക്കാലത്ത് കുട്ടി തുടര്‍ച്ചയായി കരയുന്നതു കണ്ട് ആവര്‍ത്തിച്ച് അന്വേഷിച്ചപ്പോഴാണ് പീഡനവിവരങ്ങള്‍ അമ്മയോടു വെളിപ്പെടുത്തിയത്. നേരത്തെ വീട്ടില്‍ പല തവണ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെങ്കിലും പിതാവിന്റെ വധഭീഷണി ഭയന്ന് ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളിലും വീട്ടിലും വിഷാദത്തോടെ ഇരുന്ന കുട്ടിയോട് അമ്മ മുമ്പും പല തവണ കാരണം തിരക്കിയിരുന്നു.

കുട്ടിയുടെ അമ്മ കൂലിപ്പണിക്കു പോകുന്ന സമയത്തു വീട്ടിനുള്ളിലും ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയും പീഡനം നടത്തിയെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും വിചാരണയ്ക്കിടെ കുട്ടി കോടതിയില്‍ മൊഴിനല്‍കി.
ആദ്യം ഹാജരായിരുന്ന അഭിഭാഷകനെ പ്രതി പിന്നീടു മാറ്റി. മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് കുട്ടിയെ വീണ്ടും വിസ്തരിച്ചെങ്കിലും രണ്ടു തവണയും ഒരേ മൊഴി നല്‍കി. ശരീരത്തില്‍ ബാഹ്യമായ പരുക്കുകളൊന്നുമില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

ശാരീരികമായ പരുക്കുകള്‍ അടിസ്ഥാനപ്പെടുത്തിയല്ല പീഡനം സ്ഥിരീകരിക്കേണ്ടതെന്നും ഇരയുടെ മൊഴിക്കാണ് പ്രാധാന്യമെന്നുമുള്ള മേല്‍ക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, അഡ്വ. പി.കെ. മുജീബ് എന്നിവര്‍ ഹാജരായി.

Similar Articles

Comments

Advertismentspot_img

Most Popular