ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രിക്കും 17 മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടിസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടിസ.് അയയ്ക്കാന്‍ ലോകായുക്തയുടെ ഫുള്‍ ബെഞ്ചാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാല്‍ ചട്ടപ്രകാരമേ വിനിയോഗിക്കാന്‍ പാടുള്ളുവെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം ബോധിപ്പിച്ചു. ബജറ്റില്‍ അനുവദിച്ച തുക സര്‍ക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു.അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോള്‍ അപകടത്തില്‍ മരിച്ച പൊലീസുകാരന്‍ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയില്‍ നിന്നു ലക്ഷങ്ങള്‍ അനുവദിച്ചുവെന്നാണു പരാതി. മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാഞ്ഞതിനാല്‍ വി.എസ്.സുനില്‍ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാല്‍ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹര്‍ജി.
ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടര്‍ന്നാണു ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രന്‍, എ.കെ.ബഷിര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിനു വിട്ടത്.കേസ് ഇനി ഫെബ്രുവരി 15 നു പരിഗണിക്കും

pathram:
Leave a Comment