പമ്പ:ദര്‍ശനം നടത്താനാവാതെ മനിതി കൂട്ടായ്മയിലെ യുവതികളും മലയിറങ്ങി. ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി കൂട്ടായ്മയിലെ യുവതികള്‍ക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്നു. 11.30 ന് പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ഇവരെ സന്നിധാനത്തേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോയെങ്കിലും നീലിമലയ്ക്ക് താഴെവെച്ച് അതിശക്തമായ പ്രതിഷേധമാണ് പോലീസിന് നേരിടേണ്ടിവന്നത്.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ച് പോലീസിനെതിരെ തിരഞ്ഞതോടെ മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി പോലീസ് താഴേക്ക് പോവുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധമുള്ള നാടകീയ രംഗങ്ങളാണ് നീലിമയ്ക്ക് താഴെ അരങ്ങേറിയത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
പ്രതിഷേധക്കാരില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റേണ്ടിവന്നു. ഇവരെ ഇപ്പോള്‍ നിലയ്ക്കലിലേക്ക് മാറ്റി. ഇവരെ സുരക്ഷിതമായി കേരള അതിര്‍ത്തി കടത്തി വിടാനാണ് ഇനി പോലീസിന്റെ പദ്ധതി.