പെര്‍ത്ത്: ഓസീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഇന്ത്യയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് വിവാദം കത്തിക്കൊണ്ടിരിക്കെ പിഴവ് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷമിയും. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരം തന്നെ ടീമിന് സംഭവിച്ച പിഴവിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ടീം സെലക്ഷനിലുണ്ടായ പിഴവിനെ ചൂണ്ടിക്കാട്ടിയത്. ടീമില്‍ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ വേണമെന്നായിരുന്നു ഷമിയുടെ പക്ഷം.
നമുക്ക് സ്പിന്നറായി ഹനുമ വിഹാരിയുണ്ടായിരുന്നു. വിഹാരി നന്നായി പന്തെറിഞ്ഞു. എങ്കിലും ഞാന്‍ വ്യക്തിപരമായി ചിന്തിക്കുന്നത് നമുക്കൊരു മുന്‍നിര സ്പിന്നര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. എന്നാല്‍ ടീം മാനേജ്മെന്റ് നിശ്ചയിക്കുന്ന ടീമിലാണ് കളിക്കേണ്ടതെന്നും ഷമി.
ആദ്യ ടെസ്റ്റില്‍ കളിച്ച ആര്‍. അശ്വിന്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് പരിക്ക് കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. ഇവര്‍ക്ക് പകരമെത്തിയത് ഹനുമ വിഹാരിയും ഉമേഷ് യാദവുമായിരുന്നു. ജഡേജയെ പ്രതീക്ഷിച്ച സ്ഥാനത്ത് ഉമേഷിനെ കണ്ടത് ക്രിക്കറ്റ് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. മാത്രമല്ല, ഉമേഷിന് മികച്ച പ്രകടനം പുറത്തടെക്കുക്കാന്‍ സാധിച്ചതുമില്ല. എന്നാല്‍ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഒരുപക്ഷേ ജഡേജ ടീമിലുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായേനെ എന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്. ഇതിനിടെയാണ് ഷമിയുടെ വെളിപ്പെടുത്തല്‍.
Leave a Comment