വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറര്‍ക്ക് 300 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറര്‍ക്ക് 300 വര്‍ഷം തടവ്. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒളിമ്പിക് കമ്മിറ്റി രംഗത്ത് വന്നു.
അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. അധികൃതരുടെ കഴിവുകേടാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ നാസറിന് തുണയായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം.
265 പെണ്‍കുട്ടികളെങ്കിലും നാസറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ നാസറിന് പല കേസുകളിലായി കോടതി വിധിച്ചത് 300 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ്. സംഭവത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള അമേരിക്കയിലെ പ്രശസ്തരായ താരങ്ങള്‍ വരെ നാസറിന്റെ ചൂഷണത്തിനിരയായിട്ടുണ്ട്. ഒരു കേസില്‍ 175 വര്‍ഷം ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞതിങ്ങനെ ‘നിങ്ങളുടെ മരണവാറണ്ടിലാണ് ഞാന്‍ ഒപ്പിട്ടിരിക്കുന്നത്’.
1986ലാണ് യു.എസ്.എ ജിംനാസ്റ്റിക്‌സുമായി ഡോ. നാസര്‍ സഹകരിക്കുന്നത്. ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘടനയ്ക്കാണ്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.
1996, 2000, 2008, 2012 ഒളിമ്പിക്‌സുകളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. മിഷിഗണില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ കൂടുതലും ചൂഷണത്തിനിരായത്. 2016ല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് അമേരിക്കയെ ഞെട്ടിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7