എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെന്നൈ: വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു.മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.
പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്‌ന.
കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 197273 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്ക് ഷാനവാസ് അത്തവണയും വിജയം ആവര്‍ത്തിച്ചു.

pathram:
Leave a Comment