ആറുമണിക്കൂറനകം തിരിച്ചിറങ്ങണം, പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച നോട്ടീസ് ശശികല ഒപ്പിട്ടുനല്‍കി

നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല അല്‍പസമയത്തിനകം പമ്പയിലെത്തും. നിലയ്ക്കലില്‍ ബസില്‍ വച്ച് പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ എസ്പി യതീഷ് ചന്ദ്ര ശശികലയെ ധരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ അനുമതി നല്‍കിയതെന്ന് യതീഷ് ചന്ദ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പമ്പയിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് പൊലീസ് തടഞ്ഞിരുന്നു. നിലക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമിനു മുന്നില്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് എസ്പി ആവശ്യപ്പെടുകയായിരുന്നു.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമപ്രകാരം നല്‍കുന്ന നിര്‍ദേശം അനുസരിക്കേണ്ടതും സ്ഥലത്ത് പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, മാര്‍ച്ച് മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസില്‍ ഒപ്പുവയ്ക്കണമെന്ന് എസ്പി ശശികലയോട് ആവശ്യപ്പെട്ടു. സമാധാനപരമായ ദര്‍ശനത്തിന് വിഘാതം സൃഷ്ടിക്കുന്നത് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളോട് ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും നോട്ടീസില്‍ നിര്‍ദേശം നല്‍കുന്നു. ദര്‍ശനം നടത്തിയ ശേഷം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്ത് നിന്ന് മടങ്ങണമെന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്.
എന്നാല്‍ നിയമോപദേശത്തിനായി കാത്തിരിക്കുന്നുവെന്ന പറഞ്ഞ ശശികല നോട്ടിസ് ഒപ്പിടാന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ ഉറപ്പ് നല്‍കാതെ വിടില്ലെന്ന് പൊലിസ് നിലപാട് എടുത്തതോടെ വാക്കാല്‍ നല്‍കുകയായിരുന്നു. പമ്പയിലേക്കുള്ള ബസിന്റെ യാത്ര പുനരാരംഭിച്ചു.

pathram:
Leave a Comment