ന്യൂഡല്‍ഹി: മോദിയ്ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദന വീണ്ടും രംഗത്ത്. മോദിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ചീഫായ ദിവ്യ മോദിയെ ട്രോളി വീണ്ടും രംഗത്തെത്തിയത്. ആമിര്‍ ഖാന്റെ പുതിയ ചിത്രമായ തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ മീം ഉപയോഗിച്ചാണ് ദിവ്യ മോദിയെ ട്രോളിയിരിക്കുന്നത്.
ട്രെയിലറില്‍ ആമിര്‍ ഖാന്റെ പഞ്ച് ഡയലോഗുകളില്‍ ഒന്നാണ്, ‘ചതി സ്വാഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്’ എന്നത്. ഈ വാക്കുകളുള്ള മിം ഉപയോഗിച്ചാണ് ദിവ്യ സ്പന്ദന മോദിയെ ട്രോളിയിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനോട് പറയുന്ന വാക്കുകളായാണ് ആമിറിന്റെ പഞ്ച് ഡയലോഗിനെ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. റാഫേല്‍ ഇടപാട് വിവാദത്തെ സൂചിപ്പിക്കുന്നതാണ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.
ചിത്രത്തിന്റെ ട്രെയിലര്‍ ഹിറ്റായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന റാഫേല്‍ ഇടപാട് വിവാദവുമായി അതിനെ ബന്ധിപ്പിച്ചതോടെ ട്വീറ്റും ഹിറ്റായി മാറിയിരിക്കുകയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു വേണ്ടി മോദി സര്‍ക്കാര്‍ എച്ച്എഎല്ലിനെ അവസാന നിമിഷം ഒഴിവാക്കി റാഫേല്‍ വിമാന കരാറില്‍ ഒപ്പിടുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ വിഷയത്തില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ദിവ്യ മോദിയെ കള്ളനെന്ന് വിളിച്ചത്.
Leave a Comment