ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കാനാവില്ല; സുപ്രീം കോടതി; ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ക്രിമിനല്‍ കേസില്‍ പ്രതികളായതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണവും അഴിമതിയും വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി വിഷയത്തില്‍ ഇടപെടുന്നില്ല. പകരം വിലക്ക് ഏര്‍പ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്നും കോടതി നിരീക്ഷിച്ചു.
വ്യക്തികള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുമ്പോള്‍ തന്നെ അയോഗ്യത കല്‍പിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ എം ലിങ്ദോ, സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു തടയാന്‍ തങ്ങള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതൊരു അയോഗ്യതയായി കണക്കു കൂട്ടുന്നില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ആര്‍ എഫ് നരിമാന്‍, എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പേരില്‍ ഗുരുതര സ്വഭാവമുള്ള കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി പറഞ്ഞു. കുറ്റക്കാരെന്ന് തെളിയും വരെ അയോഗ്യത പാടില്ലെന്ന നിലപാടായിരുന്നു കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നത്. ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജിയും കോടതി തള്ളി.

Similar Articles

Comments

Advertismentspot_img

Most Popular