‘മോദി ക്ഷമയുള്ള കേള്‍വിക്കാരന്‍’……ബ്ലോഗില്‍ കുറിച്ച് മോഹന്‍ലാല്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ഔദ്യോഗിക ബ്ലോഗിലാണ് മോഹന്‍ലാല്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട ദിനമെന്നാണ് മോദിസന്ദര്‍ശനത്തെ കുറിച്ച് ലാല്‍ ബ്ലോഗില്‍ പറയുന്നത്. മോദി ക്ഷമയുള്ള കേള്‍വിക്കാരനാണ്. ഞാന്‍ സംസാരിച്ചതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

നേരത്തെ അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അദ്ഭുതകരമായി അദ്ദേഹം നേരിട്ടു വന്ന് തന്നെ സ്വീകരിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. മോഹന്‍ലാല്‍ജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ തോളില്‍ തട്ടി. നാല്‍പ്പതു വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിസ്മയിച്ചു. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആണെന്നു പറഞ്ഞപ്പോള്‍ ഏറെ താല്‍പ്പര്യത്തോടെ അതേക്കുറിച്ച് കേട്ടതായും ലാല്‍ പറഞ്ഞു.

വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിയോടു സംസാരിച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ആരംഭിക്കാനുദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, ഡല്‍ഹിയില്‍ വച്ച് നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട ടേബിള്‍ കോണ്‍ഫറന്‍സിനെക്കുറിച്ച്, ഭാവി പദ്ധതികളില്‍ ഒന്നായ യോഗ റീഹാബിലിറ്റേഷന്‍ സെന്ററിനെക്കുറിച്ച്. ഇതിനെല്ലാം പ്രധാനമന്ത്രി സര്‍വ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. തന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്നത്തിന് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ഥമായ പിന്തുണ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു- ലാല്‍ എഴുതുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7