മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം…

മുലയൂട്ടുന്ന അമ്മമാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യം. കാലറി കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുക എന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ്. അയണ്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എ, ഡി എന്നീ പോഷകങ്ങള്‍ ആവശ്യം പോലെ അമ്മ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യമുറപ്പാക്കുന്നു. മുലയൂട്ടുന്ന കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

മുലയൂട്ടുന്ന കാലത്ത് അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ താഴെ

ഓറഞ്ച്, മുന്തിരി, മാങ്ങ, ഏത്തക്ക, തണ്ണിമത്തന്‍, അപ്രികോട്ട്, എന്നിവ കഴിക്കുന്നത് ആരോഗ്യത്തിനും മലശോധനയ്ക്കും സഹായിക്കും. മുലയൂട്ടുന്ന അമ്മ ദിവസവും രണ്ടു കപ്പ് പഴങ്ങള്‍ കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ടതായിട്ടുണ്ട്. ചീര, കിഴങ്ങുവര്‍ഗങ്ങള്‍, ക്യാരറ്റ് എന്നു വേണ്ട ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും അമ്മമാര്‍ കഴിക്കണം. മൂന്നു കപ്പ് പച്ചക്കറികളാണ് മുലയൂട്ടുന്ന അമ്മമ്മാര്‍ കഴിക്കേണ്ടത്. ഒരോദിവസവും മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് അധികമായി 25 ഗ്രാം പ്രോട്ടീന്‍ വേണ്ടതിനാല്‍ പ്രോട്ടീന്‍ ധാരാളമുള്ള ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തിന്റെ ശീലമാക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് സമ്പുഷ്ടമായ മല്‍സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മുലയൂട്ടുന്ന സമയത്ത് ധാരാളം കാല്‍സ്യം ശരീരം വലിച്ചെടുക്കുന്നതിനാല്‍ മതിയായ അളവില്‍ കാല്‍സ്യത്തിന്റെ കുറവ് ആഹാരത്തിലൂടെ പരിഹരിച്ചില്ലെങ്കില്‍ പിന്‍ക്കാലത്ത് ഒസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങള്‍ വരാനിടയുണ്ട്. ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, പാല്‍ എന്നിവയിലൂടെ കാല്‍സ്യത്തിന്റെ കുറവ് ഏറെക്കുറെ പരിഹരിക്കാം. ഡയറി ഉല്‍പന്നങ്ങള്‍ കഴിക്കാത്തവര്‍ പച്ചിലക്കറികള്‍ കഴിച്ച് ആവശ്യമായ പോഷകങ്ങള്‍ നേടാം. ശരീരത്തിനു ആവശ്യമായ വെള്ളം മുലയൂട്ടുന്ന അമ്മമാര്‍ കുടിക്കണം.

ഒഴിവാക്കേണ്ടവ

ധാരാളം എരിവും പുളിയുമുള്ള ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതാണ്. രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചായ, കാപ്പി, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. അത്തരം പാനീയങ്ങള്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. എണ്ണയില്‍ വറുത്തവയും മസാല അധികം ചേര്‍ത്തവയുമായ വിഭവങ്ങളും തണുത്ത പാനീയങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം, കടല എന്നീ വായുകോപമുണ്ടാക്കുന്ന ആഹാരങ്ങളും മദ്യവും ഒഴിവാക്കണം.

pathram:
Leave a Comment