തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വിമര്‍ശനവുമായി എളമരം കരീം എം പി. ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്ന് കരീം പറഞ്ഞു. ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രമാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.അതേസമയം, യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് സിപിഐഎം വ്യക്തമാക്കി. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദേശം നല്‍കി.
ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു. അന്വേഷണ കമ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ശ്രീമതി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കമ്മിഷന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി.കെ. ശശിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് നിര്‍ഭാഗ്യകരമെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. പരാതിക്കാരിക്കു ദേശീയ വനിതാ കമ്മിഷനെ സമീപിക്കാം. എംഎല്‍എ രാജിവച്ച് അന്വേഷണം നേരിടണം. ഭരണപക്ഷത്തെ എംഎല്‍എയ്ക്കെതിരെ അന്വേഷണം ഇല്ലാത്തത് നാണക്കേടാണ്. പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ പാര്‍ട്ടി പ്രവര്‍ത്തകയെപ്പോലെയാണു പെരുമാറുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിക്കൊപ്പമാണോ പാര്‍ട്ടിക്കൊപ്പമാണോ നില്‍ക്കേണ്ടതെന്ന് ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവര്‍ ആലോചിക്കണമെന്നും രേഖാ ശര്‍മ പറഞ്ഞു.
Leave a Comment