മണിയാര്‍ അണക്കെട്ടിന് ഗുരുതര തകരാര്‍ ; ഷട്ടറിന്റെ താഴെയുമുളള വിളളലുകള്‍ ഗുരുതരം; ചീഫ് എന്‍ജിനീയര്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ടു

റാന്നി: പമ്പ നദിയില്‍ സ്ഥിതി ചെയ്യുന്ന മണിയാര്‍ അണക്കെട്ടിന് ഗുരുതര തകരാറുളളതായി കണ്ടെത്തി. ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് തകരാര്‍ സ്ഥിരീകരിച്ചത്. സംരക്ഷണഭിത്തിയിലും ഷട്ടറിന്റെ താഴെയുമുളള വിളളലുകള്‍ ഗുരുതരമെന്നാണ് കണ്ടെത്തല്‍. പ്രളയത്തില്‍ അടിയന്തരമായി ഇടപെടേണ്ട ചില തകരാറുകള്‍ മണിയാര്‍ ഡാമിന് സംഭവിച്ചിട്ടുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ കെ എച്ച് ഷംസുദീന്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിലവില്‍ അപകടസ്ഥിതിയില്ലെങ്കിലും തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്. വലതുകരയോടു ചേര്‍ന്ന ഭാഗത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടു. കോണ്‍ക്രീറ്റ് അടര്‍ന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരും.

അണക്കെട്ടില്‍ ഇപ്പോഴും നിറയെ വെള്ളമുണ്ട്. ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ല.ഡാമിന് തകര്‍ച്ച നേരിട്ടാല്‍ മണിയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്-ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറ്റിലെ അണക്കെട്ടാണിത്.

ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. 1995 മുതല്‍ വൈദ്യുതോല്‍പാദനവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്.

Similar Articles

Comments

Advertismentspot_img

Most Popular