നമുക്കത് സാധിക്കും, നമുക്കേ സാധിക്കൂ… മമ്മൂട്ടിയ്ക്ക് പിന്നാലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മോഹന്‍ലാല്‍

മമ്മൂട്ടിയ്ക്ക് പിന്നാലെ കേരളത്തിലെ മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാലും. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുമ്പത്തേക്കാളേറെ ഇന്ന് സ്നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും, നമുക്കേ സാധിക്കൂ.

പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.

ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് അല്‍പം കാരുണ്യത്തോടെ ജീവിക്കാന്‍. എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക. ഒപ്പം ചേരാന്‍ ഞാനുണ്ട്.

മമ്മൂട്ടിയുടെ വാക്കുകള്‍

‘നമ്മള്‍ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞ് നില്‍ക്കുകയാണ്. ഒരേ മനസ്സോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് നാം അതിനെ അതിജീവിച്ച് കഴിഞ്ഞു. ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ നമ്മള്‍ രക്ഷിച്ച് എടുത്തിരിക്കുന്നു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതമാണ്. പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലേ. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവര്‍ക്കൊരുപാട് സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്- വസ്തുക്കള്‍, വീട്, ജീവന്‍, ജീവിതം, വിലപ്പെട്ട രേഖകള്‍ അങ്ങനെ പലതും.

അതൊക്കെ തിരിച്ചെടുക്കണം. അതൊക്കെ തിരിച്ചെടുക്കാന്‍ അവര്‍ക്ക് പിന്തുണ നമുക്ക് കൊടുക്കണം. അവരുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച അതേ ആവേശം, ആത്മാര്‍ത്ഥത, ഉന്മേഷം നമ്മള്‍ കാണിക്കണം. നമ്മള് കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റൊന്ന് ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മലിനജലം കയറി ഇറങ്ങി അണുക്കളും മറ്റ് നിറഞ്ഞ് കിടക്കുകയായിരിക്കും വീടിനുള്ളില്‍. വെറും കൈയോടെ ഒന്നിലും പോയി തൊടരുത്. കൈയില്‍ എന്തെങ്കിലും ഉറ പോലത്തെ പ്രൊട്ടക്ഷന്‍ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍’

pathram desk 1:
Leave a Comment