ദുരിത ബാധിതര്‍ക്കായുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറി നല്‍കാതെ ബാര്‍ അസോസിയേഷന്‍; കലക്റ്റര്‍ അനുപമ പൂട്ട് പൊളിച്ച് മുറി ഏറ്റെടുത്തു

തൃശൂര്‍: കേരളം പ്രളയക്കെടുതിയെ അതിജീവിച്ച് വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമെയ് മറന്ന് കേരളം ഒന്നാകുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവിടെയും ഉണ്ടാകും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്ന ചിലര്‍. ഇത്തരമൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട ്‌ചെയ്യപ്പെടുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുനല്‍കിയില്ല. മുറികള്‍ തുറന്ന് നല്‍കാന്‍ തൃശൂരിലെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ കളക് ടര്‍ നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചെടുക്കുകയായിരുന്നു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജില്ലാ കളക്ടറേറ്റില്‍ ശേഖരിച്ച അരിയുള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തില്‍ സിവില്‍ സ്‌റ്റേഷനിലെ തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണനും ജില്ലാ കളക്ടറുമായ ടി വി അനുപമ ഒഴിപ്പിച്ചെടുത്തു.

മുറികള്‍ തുറന്ന് നല്‍കാന്‍ ബാര്‍ അസ്സോസിയേഷന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മുറി ഒഴിപ്പിച്ചത്. മുറികളില്‍ തമിഴ്‌നാട്ടില്‍ നിന്നും സംഭാവനയായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വന്‍തോതില്‍ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്ഥലപരിമിതി രൂക്ഷമായത്. ലഭിക്കുന്ന സാധനങ്ങള്‍ ആവശ്യത്തിനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ശ്രമിച്ചുവരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular