രക്ഷാപ്രവര്‍ത്തനത്തിനായി ടട്രാ ട്രക്കുകളെത്തി; ആദ്യം ചാലക്കുടി, ആലുവ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തും

കൊച്ചി: പ്രളയക്കെടുതിയില്‍ നിരവധി ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രതികൂലസാഹചര്യങ്ങള്‍ പലയിടത്തും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങ് തടിയാകുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിന്റെ ടട്രാ ട്രക്കുകള്‍ കേരളത്തിലെത്തി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്.

കാര്‍ഗില്‍ പോലുള്ള ദുഷ്‌കര മേഖലകളില്‍ മികവ് തെളിയിച്ച ട്രക്കുകളാണ് ടട്രാ. ഒരാള്‍പ്പൊക്കം വെള്ളത്തിലും ട്രക്കുകള്‍ അനായാസം ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ടു പോകും. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയുമില്ല. വെള്ളത്തിലൂടെയും ചെളിയിലും കുണ്ടുകളിലും കല്ലുകള്‍ക്കിടയിലൂടെയും സഞ്ചരിക്കുന്ന ട്രക്കുകള്‍ ഏതുതരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താനും ശേഷിയുള്ളതാണ്. അവശ്യഘട്ടങ്ങളില്‍ മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. നാറ്റോ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ട്രക്കുകളാണ് ടട്രാ.

pathram desk 1:
Leave a Comment