നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപിന് ദൃശ്യങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. വിചാരണ വൈകിക്കാന്‍ ലക്ഷ്യമിട്ടാണു ദിലീപ് ഹര്‍ജികള്‍ നല്‍കിയതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കു നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്കു വിടാന്‍ തക്ക അസാധാരണ സാഹചര്യങ്ങള്‍ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടുകിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നു കാണിച്ചാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിനു നല്‍കരുതെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular