കേരളത്തിലെ കാലവര്‍ഷ കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും:കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷ കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തുന്നു. ഒരാഴ്ച്ചയ്ക്കകം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ലോക് സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പരിശോധിച്ചശേഷം നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആശങ്ക മനസിലാക്കുന്നുവെന്നും ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കാലവര്‍ഷക്കെടുതിയും മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേര്‍ മരിക്കാനിടയായ സംഭവവും കെസി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ സംസാരിക്കവെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ അറിയിപ്പ്.

ചട്ടങ്ങള്‍ നോക്കാതെ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് എത്തിയ സര്‍കക്ഷി സംഘത്തെ പ്രധാനമന്ത്രി അവഗണിച്ചുവെന്ന പി കരുണാകരന്‍ എംപിയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന മഴക്കെടുതിയെക്കുറിച്ചാണ് ചര്‍ച്ച നടന്നത്.

കൊടിക്കുന്നില്‍ സുരേഷ് എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് ആയിരംകോടിയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് ബിനോയ് വിശ്വം രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

pathram desk 2:
Leave a Comment