ലൂസിഫറി’നോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്: മുരളി ഗോപി

കൊച്ചി:മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേയാണ് ആരംഭിച്ചത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയുമാണ് ഇതിനു പിന്നില്‍ എന്നറിയാമെങ്കിലും ഇത് സിനിമയെ ഉപദ്രവിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കരുതെന്നും മുരളി ഗോപി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ചിത്രത്തെ കുറിച്ച് വിസ്മയ ശലഭങ്ങള്‍ എന്ന പേരില്‍ മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരുന്നു. പൃഥ്വിയെ പോലെ ഏറെ തിരക്കുള്ള നടന്‍ അതെല്ലാം മാറ്റിവച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ലോകത്ത് അപൂര്‍വ്വമായിരിക്കാം ഇത്. ഈ സംവിധായകനില്‍ ഒരു നടന്‍ കൂടിയുണ്ട്. എന്നാല്‍ തന്നിലെ നടനില്‍ ഒരു സംവിധായകനില്ല. തന്റെ നടനായ സംവിധായകന് എന്താണ് ആവശ്യമെന്ന് തന്നിലെ നടനും, തന്നിലെ നടനില്‍ നിന്നും എന്താണ് എടുക്കേണ്ടത് എന്ന് നടനായ സംവിധായകനും റിയണമെന്നും ആ രസതന്ത്രത്തിലേക്ക് എത്തിയാല്‍ തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ചിത്രമായി ലൂസിഫര്‍ മാറിയേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു.

മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,

“ലൂസിഫർ” എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ
ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്.
ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.
യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ??

?സസ്നേഹം,
Murali Gopy

pathram desk 2:
Leave a Comment