അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണം, അല്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അച്ഛന്‍ മനോഹരന്‍

ഇടുക്കി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണമെന്ന് അച്ഛന്‍ മനോഹരന്‍. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസിലെ അധ്യാപകര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മനോഹരന്‍ വികാരാധീനനായത്.

അതേസമയം കൊലക്കേസില്‍ പൊലീസ് തെരയുന്ന പ്രതികളിലൊരാള്‍ വിദേശത്ത് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്നു ദിവസം മുമ്പ് ബംഗലൂരു വിമാനത്താവളം വഴി ഇയാള്‍ ദുബായിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതി വിദേശത്തേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

അഭിമന്യു കൊലക്കേസിലെ പ്രതികളായ 12 പേരുടെ വിവരങ്ങള്‍ കൊച്ചി, മംഗലാപുരം, ബംഗലൂരു, ചെന്നൈ വിമാനത്താവളങ്ങള്‍ക്ക് കൊച്ചി പൊലീസ് നല്‍കിയിരുന്നു. വിദേശത്തേക്ക് കടക്കാന്‍ പ്രതികള്‍ എത്തിയാല്‍ പിടികൂടണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടെയാണ് പൊലീസിനെ വെട്ടിച്ച് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.

വിദേശത്തേക്ക് കടന്ന പ്രതിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതിനാല്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനായില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. പ്രതി വിദേശത്തേക്ക് കടന്നു എന്നത് സംശയം മാത്രമാണെന്നാണ് കൊച്ചി പൊലീസിന്റെ നിലപാട്. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചു.ഒരാഴ്ചയ്ക്കകം മുഖ്യപ്രതി ഉള്‍പ്പെടെ പിടിയിലാകുമെന്നും കൊച്ചി പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment