കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായിട്ട് പിളരുന്ന അവസ്ഥ വരെ എത്തിയെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ മാറ്റുന്നത് ഒരുപാട് പേരെ പ്രകോപനം കൊള്ളിക്കുന്ന തരത്തിലുള്ള ആഘാതമായിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞില്ല. ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ സംഘടന പിളര്‍പ്പിലേക്ക് പോകുമെന്ന തലത്തിലേക്ക് ചര്‍ച്ച പോയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ വീട്ടില്‍വെച്ച് നടന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
അമ്മ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി. ഇക്കാര്യത്തില്‍ ഖേദിക്കുന്നു. 25 വര്‍ഷം നീണ്ട സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തേണ്ടി വന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.ഏത് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മ തയ്യാറാണ്. അമ്മയുടെ ഭരണഘടന ഭേദഗതി അടക്കം നിരവധി കാര്യങ്ങള്‍ ഇനി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടീവ് യോഗമായിരുന്നില്ല. ഈ മാസമോ അടുത്ത മാസമോ എക്സിക്യൂട്ടീവ് യോഗം ഉണ്ടാകും. ചില ആവശ്യങ്ങള്‍ ഉന്നയിച്ച് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ അടുത്ത എക്സിക്യൂട്ടീവ് കൂടിയ ശേഷം തീരുമാനത്തിലെത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ദിലീപ് അവസരങ്ങള്‍ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നല്‍കിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നാണ് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിലെ (ഡബ്ല്യുസിസി) അംഗങ്ങള്‍ കൂടിയായ നടിമാര്‍ രാജിവച്ചത്. നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളുമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു ഇന്നത്തെ യോഗം.
ദിലീപ് സംഘടനയിലേക്കു വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കാര്‍മേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണം. നാലു പേരില്‍ രണ്ടുപേര്‍ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അതു അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.
നിഷ സാംരഗിന്റെ വിഷയത്തില്‍ അവരോടൊപ്പം നില്‍ക്കും. തിലകന്‍ ചേട്ടനുമായി നല്ല സൗഹൃദയമുണ്ടായിരുന്നു. അദ്ദേഹത്തെ പല രീതിയിലും സഹായിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അമ്മയെ പോലൊരു താരസംഘടനയില്ല. സംഘടനയില്‍ പുരുഷമേധാവിത്വമില്ല.
Leave a Comment