ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നു മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിയ നിഷാ സാരംഗിന് പിന്തുണയുമായി നടി മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വതി നിഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറുമെന്ന് മാല പാര്‍വതി അഭിപ്രായപ്പെട്ടു. പിന്നീട് സീരിയല്‍ സംവിധാനം ചെയ്യുന്ന അതേ താല്പര്യത്തോടെ പുച്ഛിക്കല്‍ തുടങ്ങും. ഇത് താനും അനുഭവിച്ചിട്ടുള്ളതാണെന്നും അവര്‍ ശാരദിക്കുട്ടിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി എഴുതി.
ഇതു തുറന്ന് പറഞ്ഞതു കൊണ്ട് തനിക്ക് ഇനി ജോലി ലഭിക്കുമോയെന്ന ഭയം നിഷയെ അലട്ടുന്നുണ്ട്. നിഷയില്‍ താന്‍ കണ്ടത് തന്റെ തന്നെ കണ്ണീരാണെന്നും മാല പാര്‍വതി പറഞ്ഞു. കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ താന്‍ രാജി വെച്ച് ശേഷം താന്‍ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. അവിടെ വച്ച് ചാനല്‍ മുതലാളിയില്‍ നിന്ന് മോശം അനുഭവമുണ്ടായി. അതേ തുടര്‍ന്ന് ആ ജോലി രാജിവച്ച് എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. അന്ന് നിരാശയോടെ പൊട്ടികരഞ്ഞു. അതേ കണ്ണീരാണ് നിഷയില്‍ കണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അതേസമയം സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്ന് പറഞ്ഞ നടി നിഷാ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്ത് വന്നിരിന്നു. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടി തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.
തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് നിഷ സാരംഗ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. ‘നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.’ അവര്‍ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇനി ഈ സീരിയലിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടി നടത്തിയത്.
നേരത്തെ സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സീരിയല്‍ രംഗത്ത് നിന്ന് ഒരു നടി സംവിധായകനെതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് ഇതാദ്യമായിട്ടാണ്.
മാല പാര്‍വതിയുടെ കമന്റിന്റെ പൂര്‍ണ്ണരൂപം….
ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍, ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ട്.ഒരു ‘ പ്രയോജനവും’ ഇല്ലാത്ത വേയ്സ്റ്റ്’. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കല്‍ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ‘ ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി അങ്ങനെ പറഞ്ഞ് പോലും.’നമ്മള്‍ തമ്മില്‍’ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും ‘ . പാവം നിഷ ! കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ ഞാന്‍ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനല്‍ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാല്‍.. ശമ്പളമല്ല കിട്ടാന്‍ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാന്‍ കേട്ടത്.അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാന്‍ പറ്റും. നിഷയോടൊപ്പം നില്‍ക്കണം
നിഷ നല്ല ആര്‍ട്ടിസ്റ്റാണ്. അവള്‍ക്ക് പൊതു ഇടത്തില്‍ അംഗീകാരമുണ്ടെങ്കില്‍ 100 പേര് ജോലി കൊടുക്കും. താപ്പാനകള്‍ ഒതുക്കും. അതിന് മുമ്പ് അവള്‍ പറഞ്ഞത് അവള്‍ടെ അവകാശമാണെന്നും, ഇങ്ങനെ പ്രശ്നത്തിലാകുന്ന ഓരോരുത്തര്‍ക്കും നമ്മള്‍ എല്ലാമുണ്ടെന്നും ലോകം അറിയണം
നമുക്ക് ജോലി നല്‍കാന്‍ സാധിക്കില്ല എന്നതാണ് ഇവരുടെ ബലം. ജോലി നിഷേധിച്ചാണ് 90 ശതമാനം പേരെയും വരുതിയിലാക്കുന്നത്
Leave a Comment