ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം: യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി,വെദികരുടെ അറസ്റ്റ് തടഞ്ഞില്ല

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.വൈദികര്‍ക്ക് എതിരെ യുവതിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടോയെന്ന് പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വൈദികന്റെ മുന്‍കൂര്‍ ജാമ്യം ഹര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ, വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് തടയണമെന്ന് ഹര്‍ജിയിലുടെ വൈദികന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ഒര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ.എബ്രഹാം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. ആരോപണ വിധേയരായ മറ്റു മൂന്നു വൈദികരും മുന്‍കൂര്‍ ജാമ്യം തേടുമെന്നാണ് സൂചന.

ഫാ. എബ്രഹാം വര്‍ഗീസിനെക്കൂടാത ഫാ. ജോബ് മാത്യു, ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് കേസിലെ പ്രതികള്‍. ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്. ഇതനുസരിച്ചാണ് ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

2009 ല്‍ ഫാ. ജോബ് മാത്യുവിന് മുമ്പിലാണ് യുവതി കുമ്പസരിക്കുന്നത്. ഈ കുമ്പസാര രഹസ്യം മറയാക്കി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോബ് മാത്യു മറ്റ് വൈദികരോട് പങ്കുവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരും കുമ്പസാര രഹസ്യവും, ഫാ. ജോബുമായുള്ള ലൈംഗിക ബന്ധവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാ. ജോബ് മാത്യുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അതേസമയം യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടപ്പോള്‍ അഞ്ചുവൈദികരുടെ പേരുകളാണ് ഉന്നയിച്ചിരുന്നത്. നേരത്തെ സഭയ്ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സഭാനേതൃത്വം ഇടനക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

pathram desk 2:
Leave a Comment