ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുന്ന സ്ത്രീകളെ ഭയപ്പെടുത്തുന്നു; നടിയുടെ വെളിപ്പെടുത്തൽ

ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുന്ന സ്ത്രീകളെ ഭയപ്പെടുത്തുന്ന മനോഭാവമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കെന്ന് നടി ഹുമാ ഖുറേഷി. ഐ എ എന്‍ എസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യന്‍ ജനതയുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സ്ത്രീകള്‍ക്ക് സുരക്ഷിതവും സമാധാനപരവുമായി ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ‘സത്യസന്ധമായി പറഞ്ഞാല്‍, ജോലിസ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനു പകരം ഇരകളാകുന്ന സ്ത്രീകളേയും അത് തുറന്നു പറയുന്നവരേയും ഭയപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സുരക്ഷിതമായി തുറന്നു പറയുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ അത് നമ്മുടെ ഉത്തരവാദിത്തമാണ്’ ഹുമാ ഖുറേഷി പറഞ്ഞു.

സിനിമയടക്കമുള്ള വിവിധ മേഖലകളില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായിട്ടുള്ള അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരെക്കൂടെ ഉള്‍പ്പെടുത്തണം എന്നാണ് ഹുമയുടെ അഭിപ്രായം. താനൊരു ഫെമിനിസ്റ്റ് ആണെന്നും എന്നാല്‍ ഇത് തുല്യതയില്ലാത്ത ഒരു ലോകമാണെന്ന് കരുതുന്നുല്ലെന്നും അവര്‍ പറഞ്ഞു. ‘ആണും പെണ്ണും ഒരുമിച്ചു നിന്നാല്‍ മാത്രമേ തുല്യതയുള്ളൊരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് അനുഗമിക്കാനും മാതൃകയാക്കാനും കഴിയുന്ന ശക്തരായ പുരുഷന്മാര്‍ വേണം’.

ഗാംഗ്‌സ് ഓഫ് വസ്സേയ്പൂര്‍, ഏക് തി ദായന്‍, ഡേദ് ഇഷ്‌കിയ, ജോളി എല്‍ എല്‍ ബി 2, കാലാ എന്നീ ചിത്രങ്ങളിലെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഹുമാ ഖുറേഷി.

ഷാരൂഖ് ഖാന്‍ മുതല്‍ അനുഷ്‌ക ശര്‍മ വരെ സിനിമാ നിര്‍മ്മാണ മേഖലയിലും തിളങ്ങി നില്‍ക്കുന്നവരാണ്. ഇത് ഏറ്റവും പ്രായോഗികമായൊരു ചവിട്ടുപടിയാണെന്ന് ഹുമ വിശ്വസിക്കുന്നു. ‘ഒരു പരിധി കഴിഞ്ഞാല്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഇത്തരം മേഖലകളിലേക്ക് ചുവടുവയ്‌ക്കേണ്ടി വരും. നല്ല തിരക്കഥയ്ക്കും, പ്രോജക്ടുകള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ്. എല്ലായ്‌പ്പോഴും കേന്ദ്രകഥാപാത്രമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് പ്രാധാന്യമുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്’ അവര്‍ പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് നമ്മള്‍ തിയറ്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ല എന്ന് പറയുന്ന ഹുമാ ഖുറേഷിയോട് താങ്കള്‍ എപ്പോഴാണ് നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് ചോദിച്ചാല്‍ അടക്കിപ്പിടിച്ച ചിരിയോടെ അവര്‍ പറയും ‘കണ്ണും കാതും തുറന്നിരിക്കൂ, നമുക്ക് കാണാം’ എന്ന്.

pathram desk 2:
Related Post
Leave a Comment