മെല്‍ബണ്‍: മെല്‍ബണില്‍ പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി പ്രഖ്യാപിച്ചു. സോഫിയ്ക്ക് 22 വര്‍ഷത്തെ തടവും കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.
2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടത്. മെല്‍ബണില്‍ യുഎഇ എക്സ്ചേഞ്ചില്‍ ജോലി ചെയ്തിരുന്ന സാം ഹൃദ്രോഗം മൂലം മരിച്ചതാണെന്ന് ഭാര്യ സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടു വന്ന് സംസ്‌കാരം നടത്തിയ ശേഷം സോഫിയ മകനോടൊപ്പം മെല്‍ബണിലേക്കു തിരികെപോയിരുന്നു.
സോഫിയും അരുണും പ്രണയത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതിന് തടസമായ സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിച്ചു. സാമിന് ഇവര്‍ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
സാമിന്റെ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി. 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അന്നു മുതല്‍ ഇരുവരും റിമാന്‍ഡിലാണ്. സോഫിയയും അരുണും ചേര്‍ന്നു 2014 ജനുവരിയില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയില്‍ സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കി. അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു.
ഇതിനിടെ അരുണിന് മനോദൗര്‍ബല്യമുണ്ടെന്ന വാദം അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. ഏറെ നാളായി ഭാര്യയില്‍നിന്നും നാലുവയസ്സുള്ള മകനില്‍നിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ കാണാന്‍ സാധിക്കുന്നുമില്ല. ജയിലില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു.
Leave a Comment