കൊച്ചി: എ ആര്‍ റഹ്മാന്റെ സംഗീത നിശയുടെ മറവില്‍ വയല്‍ നികത്തിയെന്ന ആരോപണത്തില്‍ എഐവൈഎഫ് സംസ്ഥാന ജോയിന്റ് ജസെക്രട്ടറി എന്‍. അരുണിന് എതിരെ മാനനഷ്ടക്കേസ്. ഫല്‍വേള്സ് ടിവി എംഡി ശ്രീകണ്ഠന്‍ നായരാണ് പത്തുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ശ്രീകണ്ഠന്‍ നായരെ താന്‍ അപമാനിച്ചുവെന്നും ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്നുമാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് അരുണ്‍ പറഞ്ഞു.
പരിപാടി നടത്താനായി വയല്‍ നികത്താന്‍ അനുമതി ഉണ്ടായിരുന്നുവെന്ന് ശ്രീകണ്ഠന്‍ നായര്‍ ഉയര്‍ത്തിക്കാണിച്ച രേഖകള്‍ വ്യാജമാണെന്ന് അരുണ്‍ പറയുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ ഉത്തരം എല്ലാത്തിനുമുള്ള മറുപടിയാണെന്ന് നിയമസഭ രേഖകള്‍ തെളിവുനിരത്തി അരുണ്‍ പറയുന്നു.
റവന്യുവകുപ്പിന്റെ വിവിധ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റോപ് മെമ്മോകളും വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് തെളിവാണെന്ന് അരുണ്‍ പറയുന്നു. സ്റ്റോപ് മെമ്മോ നല്‍കിയതിന് ശേഷവും വയല്‍നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ കണയന്നൂര്‍ തഹസില്‍ദാര്‍ തൃപ്പുണിത്തുറ സിഐയ്ക്ക് ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്നും രേഖകള്‍ ഉദ്ധരിച്ച് എഐവൈഎഫ് ജോയിന്റ് സെക്രട്ടറി പറയുന്നു.
സ്റ്റോപ് മെമ്മോ നല്‍കിയതിന് ശേഷവും നിയമവിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ച് മെയ് പതിനൊന്നിനാണ് പരാതി നല്‍കിയത്.പത്തുകോടിയുടെ മാനനഷ്ടക്കേസ് കൊടുത്താല്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമെന്ന് തോന്നലുണ്ടെങ്കില്‍ അത് നാലായി മടക്കി പോക്കറ്റിലിടാനും അരുണ്‍ പറയുന്നു.
കോടതിയിലൂടെയായാലും ഏത് വഴിയിലൂടെയായാലും ശ്രീകണ്ഠന്‍ നായരുടെ വ്യാജ പ്രചാരണങ്ങളെ നേരിടാന്‍ താനും തന്റെ പ്രസ്ഥാനവും തയ്യാറാണെന്നും അരുണ്‍ പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാന്‍ കള്ള രേഖകള്‍ ഉള്‍പ്പെടെ ചമച്ചതിന് നാളെ ശ്രീകണ്ഠന്‍ നായര്‍ മറുപടി പറയേണ്ടിവരുമെന്നും അരുണ്‍ പറയുന്നു.
Leave a Comment