കൊച്ചി:മോഹന്‍ലാല്‍ ഇല്ലായിരുന്നുവെങ്കില്‍ മലയാള സിനിമ എന്നേ പിരിച്ചു വിടേണ്ടി വരുമായിരുന്നുവെന്ന് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലാണ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടവും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കു വച്ചത്.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മോഹന്‍ലാല്‍ മുതല്‍ക്ക് ,മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒന്നുകില്‍ മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുവാനോ അല്ലെങ്കില്‍ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തില്‍ സംവിധായകര്‍ വിജയിക്കുമ്പോള്‍ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകള്‍ ഉണ്ടാകുന്നു!
പക്ഷെ,വാസ്തവത്തില്‍ ‘ഒരു മോഹന്‍ലാല്‍ സിനിമ’ അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകള്‍ മുഴുവന്‍ ! അതേ അവര്‍ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക് അത് ഇനിയും വളരാനുണ്ട് ശരിക്ക്! എന്നാല്‍ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹന്‍ലാലിനെ ഉള്‍ക്കൊള്ളാന്‍ നോക്കുന്നവര്‍! അവര്‍ക്ക് ഒരു ആവേശത്തിന്റെ അപ്പുറത്ത് അതിനു ശരിക്കു കഴിയാതാകുമ്പോള്‍ മലയാളത്തില്‍ പൊട്ട പടങ്ങള്‍ ഉണ്ടാകുന്നു! എന്നാല്‍ മോഹന്‍ലാലിനെ ഒരു കൃത്യ അളവില്‍ ആരുപയോഗിക്കുമ്പോളും ഒരു ഊര്‍ജ്ജപ്രസരണം സംഭവിക്കുന്നുണ്ട് സ്‌ക്രീനില്‍ !മിശ്ര കൊമേഴ്യല്‍ ആയാലും ശരി മിശ്ര ആര്‍ട്ട് മൂവി ആയാലും ശരി അതില്‍ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റര്‍ വിട്ട് പുറത്തേക്കു കൂടി വ്യാപിക്കുമ്പോള്‍ ഒരു ആക്ടര്‍ താരമായി മാറുന്നു! മോഹന്‍ലാലില്‍ അടങ്ങിയിരിക്കുന്ന ഈ നിര്‍ണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും താരരാജാവായി വാഴാന്‍ അയാളെ പ്രാപ്തനാക്കുന്നത് എന്ന് തോന്നുന്നു!
മമ്മൂട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിര്‍ണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിര്‍ണ്ണായകമാണു എന്നതാണു! അത് അയാളെ സ്‌പെഷല്‍ ആക്കുന്നു! അത് വേറൊരു പഠന വിഷയം! മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മൂട്ടി ചിത്രമേയല്ല ! എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാത്തവ പോലും മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണു! അത് കൊണ്ട് കമ്പ്‌ലീറ്റ് ആക്ടര്‍ എന്നതിനേക്കാളും ഒരു സമ്പൂര്‍ണ്ണ വെല്ലുവിളി എന്നതാണു മോഹന്‍ലാലിന്റെ വലിപ്പം! ‘ഏയ് അങ്ങനെയൊന്നുമില്ല’ എന്ന നിലയ്ക്ക് തോള്‍ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാള്‍ ആ വെല്ലുവിളി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത് നിരീക്ഷണം വെച്ച് പറയുകയാണെങ്കില്‍ ലാലേട്ടനു (മോഹന്‍ലാല്‍) തന്നെ അത് സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിര്‍ണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താന്‍ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ് ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തില്‍ ഇനി പുതിയതായി വന്നിട്ട് വേണം എന്ന്!
അതൊരു നിസ്സാര നിര്‍ത്തമല്ല! നമ്മളെ വിരല്‍ ഫ്രെയിമുകള്‍ക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിര്‍ത്തം! കുട്ടികള്‍ വരട്ടെ,കഴിയുമെങ്കില്‍ പൊളിച്ച് മാറ്റട്ടെ എന്ന ആ നിര്‍ത്തം. പുതിയ കുട്ടികള്‍ ഒരിക്കല്‍ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തല്ലേ പറ്റൂ..
എല്ലാവരോടും സ്‌നേഹം..
മോഹന്‍ലാല്‍