ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും സിദ്ദരാമയ്യയും അടക്കമുള്ള എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. നിയമോപദേശത്തിന് ശേഷം ഗവര്‍ണര്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായി പരമേശ്വര പറഞ്ഞു.
ജെഡിഎസ്സിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ 73 എംഎല്‍എമാര്‍ ഒപ്പു വച്ചിട്ടുണ്ട്. 72 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഒപ്പിട്ടത്. 5 എംഎല്‍എമാരും പുറപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒപ്പിടാതെ എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കാനായിരുന്നു നീക്കം.
മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ അടങ്ങുന്ന വാഹനം രാജ്ഭവനുമുന്നിലെത്തുകയായിരുന്നു. ജെഡിഎസ്സിന് എംഎല്‍എമാരുടെ പിന്തുണകത്തുമായി 77 കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബസില്‍ രാജ്ഭവനു മുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് വഴിവെച്ചു.
പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും രാജ്ഭവനുള്ളില്‍ പ്രവേശനാനുമതി നല്‍കി. എല്ലാ എംഎല്‍എമാര്‍ക്കും പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധം മുഴക്കി. അകത്തേക്ക് കടക്കാനാവാത്ത എംഎല്‍എമാര്‍ രാജ്ഭവന്‍ ഗേറ്റിനു മുന്നില്‍ കാത്ത് നിന്നു.
Leave a Comment