ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്നും കാശ്മീരിലെ ജനങ്ങളെ കൊല്ലണമെന്നും കുറിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ലോക്സഭ ടിവിയില്‍ ജോലി കിട്ടി. ദൃശ്യമാധ്യമ പ്രവര്‍ത്തകയായ ജാഗ്രിതി ശുക്ലയ്ക്കാണ് ലോക്സഭ ടിവിയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി കിട്ടിയത്.
എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലോക്സഭ ടിവിയുടെ കണ്‍സള്‍ട്ടന്റ് എന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്. അതേസമയം ലോക്സഭ ടിവി പുറത്തുവിട്ട വിജ്ഞാപനത്തില്‍ ഇവരെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി നിയമിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍പ് സീ ടിവിയിലും ന്യൂസ് 18 ലും പ്രവര്‍ത്തിച്ച ഇവരുടെ ട്വീറ്റുകള്‍ പലതും വിവാദമായിരുന്നു.
ബംഗളുരുവില്‍ പ്രശസ്ത മാധ്യമ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ അവര്‍ കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന് കുറിച്ചാണ് ജാഗ്രിതി വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വര്‍ഷമാദ്യം കാശ്മീരിലെ മുസ്ലിങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ അത്യന്തം നീചമായ ട്വീറ്റിന് പിന്നാലെ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് കുറച്ച് സമയത്തേക്ക് സസ്പെന്റ് ചെയ്യപ്പെട്ടിരുന്നു.
മുന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ജിഹാദികള്‍ക്ക് വേണ്ടി വാദിക്കുന്നയാളെന്ന് വിമര്‍ശിച്ച് കുറിച്ച ട്വീറ്റ് ഇപ്പോഴും ഇവരുടെ അക്കൗണ്ടിലുണ്ട്. ഇദ്ദേഹം ഇന്ത്യന്‍ ഉപരാഷ്ട്രപതിയായിരുന്നുവെന്നത് അത്യധികം ലജ്ജാകരമാണെന്ന് കുറിച്ച ജാഗ്രിതി ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടും അയാളുടെ മനസ് മാറിയില്ലെന്നും കുറിച്ചിരുന്നു. ഇവരുടെ നിയമനകാര്യം സംബന്ധിച്ച ചോദ്യത്തിന് പരിശോധിച്ച് മറുപടി പറയാമെന്നാണ് ലോക്സഭ ടിവി എഡിറ്റര്‍ ശ്യാം കിഷോര്‍ പറഞ്ഞത്.