ബംഗളൂരു: 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ പെതുതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയ കന്നഡ് നടി ബിജെപിയില്‍ ചേര്‍ന്നു. വോട്ടിംഗിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാവന രാമണ്ണ ബിജെപിയില്‍ ഔദ്യോഗിക അംഗത്വം എടുത്തത്. നടി പാര്‍ട്ടിയില്‍ ചേര്‍ന്നതായി അറിയിക്കാന്‍ സംസ്ഥാന നേതൃത്വം പത്രസമ്മേളനവും വിളിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കണ്ടിരുന്നയാളാണ് ഭാവന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് നടിയുടെ മലക്കം മറിച്ചില്‍. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കളത്തിലിറങ്ങി. കേന്ദ്രമന്ത്രിമാരുടെ ഘോഷയാത്ര തന്നെ അരങ്ങേറി.
Leave a Comment