കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ കടിപിടി. മരിച്ച ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണത്തിനായി കോടനാട് പോലീസ് സ്റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തിയപ്പോഴാണ് അമ്മയും മകളും പരസ്യമായി ഏറ്റുമുട്ടിയത്. കടുത്ത രോഗങ്ങളാല്‍ മൂന്നു മാസത്തോളം അവശനിലയില്‍ കഴിഞ്ഞിരുന്ന പാപ്പു വീടിനു സമീപത്തെ റോഡരികില്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. മരിച്ച പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിരുന്ന വിവരം മറ്റാര്‍ക്കുമറിയില്ലായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിച്ചതോടെയാണ് പാപ്പുവിന്റെ സമ്പാദ്യം പുറത്തുവന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി കണ്ടെത്തി. ഇതില്‍നിന്നും പല തവണ പാപ്പു പണം പിന്‍വലിച്ചിട്ടുണ്ട്. ബാക്കിയുള്ള 4,32,000 രൂപയാണ് അക്കൗണ്ടിലുള്ളത്. രാജേശ്വരി അറിയാതെ പാപ്പുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ദീപ അപേക്ഷ നല്‍കിയിരുന്നു.
ഇതു ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള അവകാശം തനിക്കുണ്ടെന്നു വാദിച്ച ദീപ, അക്കൗണ്ടിലുള്ള തുക തനിക്ക് ലഭിച്ചില്ലെങ്കിലും അമ്മയ്ക്ക് വിട്ടുതരില്ലെന്നും വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ പോലീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. നീണ്ടുനിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ വെല്ലുവിളിച്ചാണ് ഇരുവരും പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങിപ്പോയത്.
എന്നാല്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിന്റെ നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജനിയമ്മയാണ്. ഇവരുടെ അനുവാദത്തോടുകൂടിയെ പണം പിന്‍വലിക്കാനാകൂ എന്നത് ഇരുവര്‍ക്കും വെല്ലുവിളിയാണ്.
Leave a Comment