തിരുവനന്തപുരം: സസ്പെന്‍ഷന് പുറമെ ഡിജിപി ജേക്കബ് തോമസിന്റെ വിദേശ യാത്രയും തടഞ്ഞ് സര്‍ക്കാര്‍. അച്ചടക്കനടപടിയുടെ അന്വേഷണവുമായി സഹകരിക്കാത്തതാണ് കാരണം. ഈമാസം 25 മുതല്‍ ഒരു മാസത്തേക്കുള്ള വിദേശ യാത്രയുടെ അനുമതിയാണ് തേടിയത്. അനുമതി നല്‍കാനാകില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി.
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവു പ്രകാരം ചീഫ് സെക്രട്ടറിയാണു സസ്പെന്‍ഡു ചെയ്തത്. നടപടിക്രമം പാലിച്ചല്ല ആദ്യ സസ്പെന്‍ഷന്‍ എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വീണ്ടും സസ്പെന്‍ഡ് ചെയ്തത്.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലെ ഉള്ളടക്കത്തില്‍ സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി. അഴിമതി വിരുദ്ധ ദിനത്തിലെ പ്രസംഗത്തില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുള്ള ആദ്യ സസ്പെന്‍ഷനിലാണു നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചത്. ആദ്യ സസ്പെന്‍ഷന്‍ കേന്ദ്രം തള്ളിയാലും ജേക്കബ് തോമസ് ഉടനെ സര്‍വീസില്‍ തിരികെ വരരുതെന്ന നിലപാടിലാണു സര്‍ക്കാര്‍. സര്‍ക്കാര്‍ വിരുദ്ധമെന്നു വ്യാഖ്യാനിക്കപ്പെട്ട പരാമര്‍ശത്തില്‍ ജേക്കബ് തോമസ് ഉറച്ചുനിന്നതു സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. പൊലീസിന്റെ അന്തസ് എന്നാല്‍ വളയാത്ത നട്ടെല്ല് ആണെന്ന പരാമര്‍ശം സേനയിലെ ഉന്നതര്‍ക്കു നാണക്കേടുമായി.