ഇതാണ് നല്ല സമയം…. സമരം ചെയ്യുന്ന നഴ്‌സ്മാരോട് ജോയ് മാത്യുവിന് പറയാനുള്ളത്

കൊച്ചി:വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിലപേശലിനുള്ള സുവര്‍ണാവസരമാക്കി മാറ്റി അവകാശങ്ങള്‍ നേടിയെടുക്കണമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരെ ഉപദേശിച്ച് നടന്‍ ജോയ് മാത്യു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക്

സമരം ചെയ്യുന്ന മാലാഖമാരോട്

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തൊടുക്കുന്ന ഓരൊരൊ മുട്ടാപ്പോക്ക് ന്യായങ്ങള്‍ക്കും ചെവികൊടുത്ത് നമ്മുടെ വിപ്ലവ സര്‍ക്കാര്‍ സമരക്കാരെ കഴിഞ്ഞ 247 ദിവസമായി പൊരിവെയിലില്‍ത്തന്നെ നിര്‍ത്തുന്നു. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ സര്‍ക്കാര്‍ ഒന്നു കണ്ണുരുട്ടിക്കാണിച്ചാല്‍ വാമൂടി നില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്വകാര്യ ആശുപത്രി
മാനേജ്മെന്റിനെ എന്തിനാണു നമ്മുടെ ഗവര്‍മ്മെന്റ് ഭയക്കുന്നത്?

രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലുള്ള ഏതെങ്കിലും തൊഴിലാളി സംഘടനയുടെ കൊടിക്ക് കീഴിലാണു നിങ്ങള്‍ നിന്നിരുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ എന്നേ അംഗീകരിക്കപ്പെടുമായിരുന്നു! അങ്ങിനെയല്ലാത്തത് കൊണ്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വാലായിട്ടല്ലാതെ നില്‍ക്കുന്നത്
കൊണ്ടും നിങ്ങള്‍ നടത്തിവരുന്ന സമരത്തോട് ഗവര്‍മ്മെന്റ് ഇപ്പോള്‍ തുടരുന്ന അവഗണന അതേപോലെ തുടരുവാനാണു സാദ്ധ്യത.

എന്നാല്‍ സമരക്കാര്‍ക്ക് തങ്ങളുടെ വിലപേശല്‍ നടത്തുവാനുള്ള സമയം ഇതാ വന്നിരിക്കുന്നു. അതാണു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് .
ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നൂറുകണക്കിനു നഴ്സുമാര്‍ വിദേശങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. അവര്‍ ഏകദേശം ഇരുപതിനായിരത്തോളം വരുമെന്നാണൂ കണക്ക്. (അവരൊക്കെ അയക്കുന്ന പണംകൊണ്ടാണല്ലൊ നമ്മുടെ നാട് പുലരുന്നത് തന്നെ) തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടിലേക്കയക്കാം എന്നാല്‍ സ്വതം രാജ്യത്ത് വോട്ടവകാശമില്ല. സമ്മതിച്ചു.

പക്ഷെ ഇവിടെയുള്ള അവരുടെ ബന്ധുക്കള്‍ക്ക് ഇവിടെ വോട്ടുണ്ടല്ലോ. അവര്‍ മനസ്സ് വെച്ചാല്‍ അവരുടെ വീട്ടുകാരും ബന്ധുക്കളും ഒരു നിലപാടെടുത്താല്‍ അത്രയും വോട്ടുകള്‍ സമരം ചെയ്യുന്ന നഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള വിലപേശല്‍ ആയുധമാവും.

മണ്ഡലത്തില്‍ ആകെയുള്ള രണ്ടുലക്ഷത്തിനടുത്ത് വരുന്ന വോട്ടുകളില്‍ നഴ്സുമാരുടെ ബന്ധുക്കളുടെ മാത്രം വോട്ടുകള്‍ നിര്‍ണ്ണായകമാവും. അതിനാല്‍ നഴ്സുമാര്‍ തങ്ങളുടെ ബന്ധുബലവും തൊഴില്‍ സാഹോദര്യവും ഉപയോഗപ്പെടുത്തി ചെങ്ങന്നൂര്‍ ഉപ്പതെരഞ്ഞെടുപ്പ് തങ്ങളുടെ അവകാശങ്ങള്‍ നേടിയേടുക്കുന്നതിനുള്ള ഒരു വിലപേശലാക്കി മാറ്റി നീതിക്ക് വേണ്ടി അവര്‍ നടത്തുന്ന പോരാട്ടം ജയിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7