കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി. ഗോവിന്ദന്‍, സിപിഐം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെകെ രാഗേഷ് തുടങ്ങിയവരാണ് നയിക്കുന്നത്.
അതേസമയം കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തില്‍ നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇവിടെ മേല്‍പാലത്തിനു സാധ്യത തേടി മന്ത്രി ജി. സുധാകരന്‍ കത്തയച്ചു. ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കുമാണ് കത്തയച്ചിരിക്കുന്നത്. എലിവേറ്റഡ് റോഡ് നിര്‍മിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ബൈപാസിനു പകരമായിട്ടാണ് വയലിന് മുകളിലൂടെ എലിവേറ്റഡ് റോഡ് നിര്‍മാണത്തിനുള്ള ശ്രമം. ഇതിലൂടെ വയല്‍ നികത്താതെ തന്നെ ബൈപാസ് നിര്‍മിക്കാന്‍ സാധിക്കും. ഇതു വഴി സമരത്തിനു സമാധനപരമായ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു
നാളെ ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്‍നിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാര്‍ച്ച് നടത്താന്‍ വയല്‍ക്കിളി സമരക്കാര്‍ ഒരുങ്ങുന്ന പശ്ചത്താലത്തിലാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. വയല്‍ക്കിളി സമരത്തിനെതിരെ സി പി എം ശക്തമായി രംഗത് വന്നിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക ഘടകം ബദല്‍ സമരവുമായി വയല്‍കിളികള്‍ക്കെതിരെ നില കൊണ്ടത് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതു സംസ്ഥാന വ്യാപകമായി ചര്‍ച്ചയായി മാറിയത് പാര്‍ട്ടിയുടെ പ്രതിച്ഛായെ പ്രതികൂലമായി ബാധിച്ചിരുന്നു.
Leave a Comment