കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകവെ, അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കാണ് കത്ത് നല്‍കിയത്. ദേശീയ പാത അതോറിട്ടി ചെയര്‍മാനും പൊതുമരാമത്ത് മന്ത്രി കത്ത് നല്‍കിയിട്ടുണ്ട്.
എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടിയാണ് കത്ത് നല്‍കിയത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് പ്രത്യേക സംഘത്തെ കീഴാറ്റൂരിലെ പ്രശ്നങ്ങളും സാധ്യതകളും പരിശോധിക്കാന്‍ അയച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കീഴാറ്റൂരില്‍ മേല്‍പ്പാത സംബന്ധിച്ച കേന്ദ്രം പുനഃപരിശോധനയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പ്രസ്താവിച്ചിരുന്നു. കീഴാറ്റൂരില്‍ സിപിഎം സംഘര്‍ഷത്തിനില്ലെന്നും, മേല്‍പ്പാത അടക്കം ബദല്‍ സാധ്യതകളും സര്‍ക്കാരും സിപിഎമ്മും ഗൗരവമായി പരിശോധിക്കുമെന്നും സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.
കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുടെ പേരില്‍ സമരത്തിലാണ്. ഇതിന് പ്രതിരോധം എന്ന നിലയില്‍ നാടിന് കാവല്‍ എന്ന പേരില്‍ സിപിഎം കീഴാറ്റൂരിലേക്ക് റാലി നടത്തുകയാണ്. സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്ററാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ക്യാംപെയ്ന്‍ മാത്രമേ സിപിഎം ലക്ഷ്യമിടുന്നുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Leave a Comment