പുതിയ ചിത്രമായ ഉരുക്ക് സതീശന് വേണ്ടി മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡിറ്റ്. ചിത്രത്തില്‍ താരമെത്തുന്നത് കിടിലന്‍ ഗെറ്റപ്പില്‍. മറ്റു സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് തന്നെയാണ് പുതിയ മേക്കോവര്‍ പുറത്തുവിട്ടത്.
സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം അദ്ദേഹം തന്നെയാണ് നായകനായാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഉരുക്കു സതീനില് സന്തോഷ് പണ്ഡിറ്റ് നായകന് പകരം ക്രൂരനായ വില്ലനായാണ് പ്രത്യക്ഷപ്പെടുന്നത്. ഇരട്ടവേഷങ്ങളിലാണ് സന്തോഷ് ഈ ചിത്രത്തില്‍ എത്തുന്നത്. കുത്തഴിഞ്ഞ ജീവിതവും ജയില്‍ വാസവും ക്വട്ടേഷനുമായി കഴിയുന്ന ഉരുക്ക് സതീഷന് എന്ന ഗുണ്ടയായും വിശാല്‍ എന്ന കഥാപാത്രത്തെയുമാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഇതുവരെ ചെയ്ത ഏഴ് സിനിമകളിലും തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാനരചന, സംഗീതം ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന വിഭാഗങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ഇത്തവണയും ഇതിന് മാറ്റമില്ല.
സന്തോഷ് പണ്ഡിറ്റ് ഇതുവരെ ചെയ്ത സിനിമകളില്‍ വിദ്യാസമ്പന്നനായ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ സതീഷന് ചീട്ട് കളിച്ചതിന് പിടിക്കപ്പെട്ട് ജയിലിലാകുകയും പിന്നീട് കുറ്റകൃത്യങ്ങളുടെ വഴിയേ പോകുന്നതും ഒടുവില്‍ കൊലപാതക കേസില്‍ പ്രതിയാകുന്നതുമാണ് ചിത്രപശ്ചാത്തലം.
സിനിമയ്ക്കായി തല മൊട്ടയടിച്ച ചിത്രവും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം മുടി മൊട്ടയടിക്കാനുണ്ടായ സാഹചര്യവും താരം വെളിപ്പെടുത്തുന്നു. മലയാളി ഹൗസ് സമയത്ത് ഒരു ദിവസം രാവിലെ രണ്ട് മണിക്ക് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വന്ന് തന്റെ മുടി പിടിച്ച് വലിച്ചിരുന്നുവെന്നും താന്‍ ഞെട്ടിയെഴുന്നേറ്റ് കാര്യം തിരക്കിയപ്പോള്‍ നിങ്ങളുടെ വിഗ്ഗ് എടുത്തുനോക്കാനാണ് വന്നതെന്നുമാണ് അവര്‍ പറഞ്ഞതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
തന്റെ മുടി വിഗ്ഗാണെന്ന് പലര്‍ക്കും തോന്നിയുരുന്നതായും ഇക്കാര്യം പിന്നീട് പലരും അറിഞ്ഞിരുന്നുവെന്നും തന്റെ മനോഹരമെന്ന് തോന്നുന്ന ഈ മുടി വെട്ടിയാല്‍ എങ്ങനെയിരിക്കുമെന്ന ചിന്തയുമാണ് മൊട്ടയടിച്ചുള്ള ലുക്കിന് പിന്നിലെ കഥയെന്നും സന്തോഷ് പണഡിറ്റ് വ്യക്തമാക്കി.
Leave a Comment