തല്‍ക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല; രാജ്യത്തിന് ഭീഷണിയായ ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കുമെന്ന് പ്രകാശ് രാജ്

മംഗളൂരു: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്. തല്‍ക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും താനില്ലെന്നും പക്ഷേ ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

‘ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങില്ല, എന്നാല്‍ രാജ്യത്തിന് ഭീഷണിയായ ഒരു പാര്‍ട്ടിക്ക് എതിരെ പ്രചാരണം നടത്തും. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയം എന്നെ അസ്വസ്തനാക്കുന്നു. ഈ രാജ്യത്തിന്റെ ഘടനയെത്തന്നെ അത് അസ്വസ്തമാക്കുന്നു.’- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നില്‍ക്കുന്നെന്നും തന്റെ രാഷ്ട്രീയ നിലപാട് കാരണം തന്റെ ഡ്രൈവറെ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ വച്ച് ചോദ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയേക്കാള്‍ വലിയ അര്‍ബുദമാണ് വര്‍ഗ്ഗീയത. അതു കൊണ്ടാണ് പൗരനെന്ന നിലയില്‍ ഞാന്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യം ചെയ്യുന്നവരെ അവര്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ആളായി ചിത്രീകരിക്കുകയാണ്.

ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ് ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7