മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കപ്യാര്‍ ജോണി അറസ്റ്റിലായതിന് പിന്നാലെ ഫാ.ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അയാള്‍ ചുമന്ന കുരിശുകള്‍ ഒക്കെയും ശരീരത്തില്‍ മാത്രമായിരിക്കാം. ഉള്ളില്‍ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു്
ഫാ.ജിജോ കുര്യന്റ പോസ്റ്റിന്റെ പൂര്‍ണരൂപം
37 വര്‍ഷങ്ങള്‍! ഒരു മനുഷ്യായുസ്സില്‍ നിസ്സാര കാലയളവല്ല. ‘ഇത്ര നാള്‍ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?’ എന്നൊരു ചോദ്യം അയാളോട് അവശേഷിക്കുന്നുണ്ട്. കാരണം അയാള്‍ ചുമന്ന കുരിശുകള്‍ ഒക്കെയും ശരീരത്തില്‍ മാത്രമായിരിക്കാം. ഉള്ളില്‍ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല. (അതാണ് അദ്ദേഹവുമായുള്ള റ്റിനി ടോമിന്റെ അഭിമുഖം സൂചിപ്പിക്കുന്നത്). കാര്യങ്ങള്‍ക്ക് ഒരു മറുവശം കൂടിയുണ്ട് – 37 വര്‍ഷങ്ങള്‍! ഒരു മനുഷ്യായുസ്സില്‍ നിസ്സാര കാലയളവല്ല. ഒരാളെ അയാള്‍ കൌമാരത്തിലോ നിറയൌവ്വനത്തിലോ ആരംഭിച്ച ഒരു ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിസ്സാര കാരണങ്ങള്‍ പോരാ (കര്‍ത്തവ്യവിലോപം വരുത്താത്ത മദ്യപാനം പോലും/ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല), കാരണം അതൊരു തൊഴില്‍ മാത്രമല്ല ഒരു ജീവിതം തന്നെയാണ്. അതില്‍ നിന്ന് അയാള്‍ മാറ്റപ്പെട്ടാല്‍ അയാള്‍ ജീവിതത്തില്‍ നിന്ന് തന്നെയാണ് പിഴുതെറിയപ്പെടുന്നത് (നഷ്ടപ്പെടുന്ന ഒരാട് ആലയില്‍ തന്നെയാവാം). യൂറോപ്പില്‍ ആയിരുന്ന കാലത്തില്‍ ഒഴികെ ഒരു ദേവാലയത്തിലും പുരോഹിതന്‍ ബഹുമാനിക്കുന്ന ഒരു ദേവാലയശുശ്രൂഷിയെ കണ്ടുമുട്ടാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ല. അതാണ് നമ്മുടെ നാട്ടില്‍ ദേവാലയശുശ്രൂഷികളുടെ അവസ്ഥ. ഒരിക്കല്‍ മാത്രം ഞാന്‍ ഒരു ദേവാലയശുശ്രൂഷിയോട് കടുപ്പിച്ച് വര്‍ത്തമാനം പറഞ്ഞിട്ടുണ്ട് (സ്വകാര്യമായി), സ്വന്തം ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ അല്ല, മറ്റുള്ളവര്‍ ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍. പക്ഷേ, പിന്നീട് അയാളുടെ സേവനത്തിന് പള്ളി കൊടുക്കുന്ന വേതനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥമായി ഉള്ളിന്റെയുള്ളില്‍ അയാളോട് മാപ്പിരക്കുകയും ചെയ്തു. ഒരു ക്രിസ്തീയപ്രസിദ്ധീകരണത്തിന്റെ സെക്ഷന്‍എഡിറ്റിംഗ് ജോലി ചെയ്യുണ്ട്. ഗവേഷണപരമായ ലേഖനങ്ങള്‍ എഴുതുന്ന ഇടമാണ്. സഭയ്ക്ക് പുറത്തു നിന്ന് ഒരു പ്രാവശ്യം ലേഖനം എഴുതിയ ആള്‍ക്ക് അയാളുടെ ജോലിയ്ക്ക് കൂലി കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ചീഫ് എഡിറ്റര്‍ പറഞ്ഞത് ‘ഇല്ലാത്ത ശീലങ്ങള്‍ മാസികയില്‍ വളര്‍ത്തരുത്’ എന്നാണ്. അതും കോടികളുടെ ആസ്തിയുള്ള സ്ഥാപനം. നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം എന്ന് പറയാനാണ് മനസ്സില്‍ തോന്നിയത്. കേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്. എന്നാല്‍ അതില്‍ സേവനം ചെയ്യുന്നവര്‍ക്ക് മാനുഷികപരിഗണനയും നീതിപൂര്‍വ്വകവുമായ വേതനവും കൊടുക്കുന്നതില്‍ പലപ്പോഴും ഒരു വന്‍പരാജയമാണ്. ഈ ക്രൂരകൃത്യം ഒരു തിരിച്ചറിവിന്റെ വഴികൂടി തെളിക്കണം, സഭയ്ക്കും അതില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്കും.
Leave a Comment