വിടി ബല്‍റാമിനെ മണ്ഡലത്തില്‍ കാലുകുത്തിക്കുന്നില്ല, പരിപാടികളില്‍ അക്രമം അഴിച്ചു വിടുന്നു: പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല; സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി ചെന്നിത്തല

തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തുനല്‍കി. ബല്‍റാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എംഎല്‍എ എന്ന നിലയിലുള്ള കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് ബല്‍റാമിന് സാധിക്കുന്നില്ല.ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാവുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല.

മാത്രമല്ല ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കു സമാനമായ രീതിയിലാണു ബല്‍റാമിനെതിരെ ചില സിപിഐഎം നേതാക്കള്‍ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നത്. ഈ നിയമലംഘനങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പൊലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുകയും നിയമസഭാ സാമാജികനെന്ന നിലയിലുള്ള വി.ടി. ബല്‍റാമിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായി നിയമസഭാംഗമെന്ന നിലയില്‍ അദ്ദേഹത്തിനു തന്റെ കടമ നിര്‍വഹിക്കുന്നതിനും പൊലീസ് സംരക്ഷണം നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular