വിചാരണ നാളെ തുങ്ങാനിരിക്കെ ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതി ബിനുരാജിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് പ്രതി വീട്ടില്‍ കയറി കൊല നടത്തിയത്.

സ്വന്തം പെണ്‍കുഞ്ഞ് അപകടത്തില്‍ മരിച്ച ദുഃഖം മറക്കാന്‍ മാതാപിതാക്കള്‍ ദത്തെടുത്ത പെണ്‍കുട്ടിയാണ് യുവാവിന്റെ വെട്ടേറ്റു മരിച്ച നീതു. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്ക് സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു(17)വാണ് കൊല്ലപ്പെട്ടത്. അകല്‍ച്ച കാണിച്ച പെണ്‍കുട്ടിയെ മുന്‍ കാമുകനും അയല്‍വാസിയുമായ ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് (31) വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്.

പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകള്‍ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോള്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്ത് നീതുവെന്നു തന്നെ പേരിട്ടു വളര്‍ത്തിയത്. ഇവര്‍ക്കു നിബു, നോബി എന്നീ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.

നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തില്‍ പെട്ട ഏറെ മുതിര്‍ന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാര്‍ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഉദയംപേരൂര്‍ സ്റ്റേഷനില്‍ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ തയാറാണെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.

അന്നു വീട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു ഒന്നരമാസം മുന്‍പാണു വീട്ടില്‍ തിരികെ വന്നത്. ബിനുരാജിനെ കാണുന്നതിനു നീതു വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേര്‍ന്നെങ്കിലും താല്‍പര്യമില്ലാതെ പഠനം നിര്‍ത്തി. സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുകയായിരുന്നു. ബാബുവും പുഷ്പയും ജോലിക്കു പോയ ശേഷം നീതു തനിച്ചായിരുന്നു. കരച്ചില്‍ കേട്ട അയല്‍വാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്ത്തുന്നതു കണ്ടത്. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7