റിസര്‍വ് ബാങ്കിന്റെ നടപടി പ്രഹസനം; നോട്ടില്ലാതെ ഏങ്ങനെ നിയന്ത്രണം പിന്‍വലിക്കുമെന്ന് ജീവനക്കാര്‍

മുംബൈ: ബാങ്ക് അക്കൗണ്ടുകളില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന റിസര്‍വ് ബാങ്കിന്റെ നടപടി പ്രഹസനമാകുന്നു. ആവശ്യത്തിനു കറന്‍സി നല്‍കാതെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന നടപടി ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം. റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി.

നോട്ട് നിരോധത്തിനു ശേഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് കുറച്ചു കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലായി ഈ മാസം ഒന്നു മുതല്‍ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും എടിഎം മുഖേനെ 24000 രൂപ വരെ പിന്‍വലിക്കാമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. എന്നാല്‍ എസ്ബിഐ, എസ്ബിടി എന്നിവയുടെ എടിഎമ്മുകളില്‍ ഈ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. പതിനായിരം രൂപ മാത്രമാണ് എടിഎമ്മുകളില്‍ നിന്നും പരമാവധി ലഭിക്കുന്ന തുക. കറന്‍സി ആവശ്യത്തിനില്ലാത്തതാണ് ഇതിനു കാരണം. പണം നല്‍കുന്ന കാര്യത്തില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്താമെന്നും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ ഈ മാസം ഇരുപതു മുതല്‍ അമ്പതിനായിരം രൂപ വരെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഈ പ്രഖ്യാപനവും പാഴ്വാക്കാകുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്കിലെത്തുന്ന ഇടപാടുകാരാണ് വലയുന്നത്. പണം സൂക്ഷിക്കുന്ന കറന്‍സി ചെസ്റ്റുകളുടെ കുറവും സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

SHARE