കോലിയെ പ്രകോപിപ്പിച്ചാല്‍ പണികിട്ടും; ഓസിസ് ടീമിന് ഹസ്സിയുടെ മുന്നറിയിപ്പ്

സിഡ്‌നി: ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരം മൈക്കല്‍ ഹസിയുടെ മുന്നറിയിപ്പ്. എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനായി എതിര്‍ ടീമംഗങ്ങളെ ചീത്ത പറയുന്ന (സ്ലഡ്ജിങ്) ഓസീസ് ടീമിന്റെ രീതി വിരാട് കോലിക്കും സംഘത്തിനുമെതിരെ പുറത്തെടുക്കരുതെന്നാണ് ഹസിയുടെ മുന്നറിയിപ്പ്. അത് ചിലപ്പോള്‍ തിരിച്ചു കൊത്തുമെന്നും ഹസി പറയുന്നു. ”എല്ലാ തരത്തിലും ഒരു തികഞ്ഞ പ്രതിയോഗിയാണ് വിരാട് കോലി. ഓസീസ് ടീമംഗങ്ങള്‍ സ്ലഡ്ജ് ചെയ്താല്‍ അതു കോലിക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് മാത്രമേ സഹായിക്കൂ” ഹസി ചൂണ്ടിക്കാട്ടി.
കളിക്കിടയിലുണ്ടാകുന്ന വാക്കുതര്‍ക്കം ആസ്വദിക്കുന്ന വ്യക്തിയാണ് കോലി. വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെടുന്നതും കോലിക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് എന്റെ ധാരണ. അതുകൊണ്ടു തന്നെ കോലിക്കെതിരെ കളിക്കുന്നത് താനാണെങ്കില്‍ ഒരിക്കലും ഇന്ത്യന്‍ ക്യാപ്റ്റനെ ചീത്ത പറയാന്‍ നില്‍ക്കില്ലെന്നും ഹസി പറഞ്ഞു. സ്ലഡ്ജിങ്ങിനേക്കാള്‍ കോലിക്കും സംഘത്തിനുമെതിരെ കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടതെന്നും ഹസി വ്യക്തമാക്കി.
”കളിക്കളത്തിലെ കയ്യേറ്റങ്ങളോ തെറി വിളിയോ അല്ല ഒരു ടീം വിജയത്തിന്റെ മാനദണ്ഡം. തങ്ങളുടെ കഴിവ് വളരെ വൈദഗ്ദ്ധ്യത്തോടെ, സ്ഥിരതയോടെ ഉപയോഗിക്കുവര്‍ക്കു മാത്രമേ വ്യക്തമായ ആധിപത്യത്തോടെ വിജയിക്കാനാകൂ.” ഹസി കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കായി 79 ടെസ്റ്റ് കളിച്ച 41കാരനായ ഹസി 2013ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. അഞ്ചു ടെസ്‌റ്റോ അതിന് മുകളിലോ കളിച്ച ഓസ്‌ട്രേയിന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏഷ്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് ഹസി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 23ന് പുണെയിലാണ് ആരംഭിക്കുക.

SHARE

3 അഭിപ്രായങ്ങള്‍

  1. … [Trackback]

    […] Read More here|Read More|Read More Infos here|Here you can find 51117 more Infos|Informations on that Topic: pathramonline.com/archives/102281 […]