ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് യുവതികള്‍; നടുക്കം മാറാതെ പൂനെ ടെക്കികള്‍

കോഴിക്കോട്/ പൂനെ: ഇന്‍ഫോസിസിന്റെ പൂനെ ക്യാംപസില്‍ വച്ചു കൊല്ലപ്പെട്ട കോഴിക്കോട് കരുവട്ടൂര്‍ സ്വദേശിനിയായ രസീലയുടെ മരണവാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. കുരുവട്ടൂരിനടുത്തെ കിഴക്കാല്‍ കടവ് ഗ്രാമത്തിലെ വീട്ടില്‍ ഒന്നരമാസം മുന്‍പാണ് രസീല അവസാനമായി വന്ന് പോയത്.
കോഴിക്കോട് കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുകയാണ് രസീലയുടെ പിതാവ് രാജു. ഏക സഹോദരന്‍ രിജീഷ് വിദേശത്ത് ജോലി ചെയ്യുന്നു. മൂന്ന് വര്‍ഷം മുന്‍പ് അമ്മയെ നഷ്ടമായ രസീലയുടെ വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛനും അമ്മാവന്‍മാരുമെല്ലാം. ഇതിനിടയിലാണ് കുടുംബത്തേയും നാട്ടുകാരേയും ഞെട്ടിച്ചു കൊണ്ട് രസീലയുടെ കൊലപാതക വാര്‍ത്തയെത്തുന്നത്.
പഠിക്കാന്‍ മിടുക്കിയായ രസീല കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടുന്നത്. തുടര്‍ന്ന് ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. രണ്ടര വര്‍ഷത്തോളം ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാംപസില്‍ ജോലി ചെയ്ത ശേഷം ആറ് മാസം മുന്‍പാണ് സ്ഥലം മാറ്റം കിട്ടി പൂണൈയിലെത്തുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് മകള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ടെലിഫോണ്‍ സന്ദേശം രസീലയുടെ പിതാവ് രാജുവിന് ലഭിക്കുന്നത്. ഉടനെ പൂണെയിലെത്തണമെന്നും ഇതിനായി നാല് വിമാനടിക്കറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിളിച്ചയാള്‍ രാജുവിനെ അറിയിച്ചു. സംശയം തോന്നിയ ബന്ധുക്കള്‍ പൂണൈയിലുള്ള ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു. ഇയാള്‍ നടത്തിയ അന്വേഷണത്തിലാണ് രസീലെ കൊലപ്പെട്ടെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
രസീലയുടെ കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ടെന്നാണ് ആസ്പത്രിയിലെത്തി മൃതദേഹം കണ്ടയാള്‍ ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. രസീലയുടെ പിതാവ് രാജുവും അമ്മാവന്‍ സുരേഷും ബന്ധുവായ വിനോദും ഇന്ന് രാവിലത്തെ വിമാനത്തില്‍ പൂണെയിലേക്ക് തിരിച്ചിട്ടുണ്ട്.
രാജുവിനെ കൂടാതെ പ്രായമായ മുത്തശ്ശനും മുത്തശ്ശിയും അടുത്ത ചില ബന്ധുക്കളുമാണ് കുരുവട്ടൂരിലെ വീട്ടിലുള്ളത്. ദുരന്തവാര്‍ത്തയോട് എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതിനാല്‍ മുത്തശ്ശനേയും മുത്തശ്ശിയേയും രസീലയുടെ മരണവാര്‍ത്ത ബന്ധുകള്‍ ഇതുവരെ അറിയിച്ചിട്ടില്ല.
വീട്ടുകാരെ പോലെ തന്നെ രസീലയുടെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് പൂണൈയിലെ രസീലയുടെ കൂട്ടുകാരും സഹപ്രവര്‍ത്തകരും. എല്ലാവരോടും നന്നായി പെരുമാറുന്ന രസീല എപ്പോഴും സന്തോഷവതിയായിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
രസീലയ്‌ക്കൊപ്പം താമസിക്കുന്നവരെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്നലെ രാത്രി തന്നെ പൂണൈ പോലീസ് കൊലപാതകം നടന്ന ഓഫീസിലെത്തിച്ചിരുന്നു. മണിക്കൂറുകള്‍ മുന്‍പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രിയസുഹൃത്തിന്റെ ജീവനറ്റ ശരീരം കണ്ട കൂട്ടുകാരികള്‍ക്ക് തീര്‍ത്തും വൈകാരികമായാണ് ആ കാഴച്ചയോട് പ്രതികരിച്ചത്.
അതേസമയം ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ ആഘാതത്തിലാണ് പൂണെയിലെ ടെക്കികള്‍. കഴിഞ്ഞ മാസമാണ് അന്തര ദാസ് എന്ന ഇരുപതിമൂന്നുകാരിയെ സഹപ്രവര്‍ത്തകന്‍ ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊന്നത്. ഇതിന്റെ നടുക്കം തീരും മുന്‍പേയാണ് രസീലയിലൂടെ മറ്റൊരു രക്തസാക്ഷി കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴച്ച വൈകിട്ട് അഞ്ച് മണിയോടെയാവാം രസീല കൊല്ലപ്പെട്ടതെന്നാണ് പൂണെ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാത്രി എട്ട് മണിയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
പൂണെയിലെ ഹിന്‍ജെവാദി ഐടി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഫോസിസ് കെട്ടിട്ടത്തിന്റെ ഒന്‍പതാം നിലയിലാണ് രസീലയുടെ ഓഫീസ്. ഇന്നലെ രണ്ട് മണിയോടെ ഇവിടെയെത്തിയ രസീല ബാംഗ്ലൂരിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടു കൊണ്ട് തന്റെ ജോലി ആരംഭിച്ചു.
എന്നാല്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം ബാംഗ്ലൂരില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്ക് രസീലയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഫോണില്‍ വിളിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല. അല്‍പം സമയം കാത്തിരുന്ന ശേഷം ബാംഗ്ലൂരില്‍ നിന്ന് സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടുകയും രസീല ഡെസ്‌കിലുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് രസീലയെ തിരഞ്ഞ് മുകള്‍ നിലയിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് നിലത്ത് വീണു കിടക്കുന്ന നിലയില്‍ അവരെ കണ്ടെത്തിയത്.
അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥര്‍ രസീലയെ കൂടാതെ ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ പ്രവേശിച്ചത് വാച്ച്മാനായ ബാബന്‍ സൈലിക്കയാണെന്ന് കണ്ടെത്തി. 6.30ന് ഡ്യൂട്ടി കഴിയുന്ന ബാബന്‍ സൈലിക്ക ഞായറാഴ്ച്ചയും പതിവ് സമയത്താണ് ഓഫീസില്‍ നിന്ന് പോയതെന്നും, നേരെ താമസസ്ഥലത്തേക്ക് പോയ ഇയാള്‍ വസ്ത്രങ്ങളും അവശ്യവസ്തുകളുമെടുത്ത് സ്ഥലം വിട്ടുവെന്നും പിന്നീട് മനസ്സിലായി.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി മുംബൈയിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. ട്രെയിന്‍ മാര്‍ഗ്ഗം സ്വദേശമായ ആസാമില്‍ എത്താനായിരുന്നു ഇയാളുടെ ശ്രമം. പക്ഷേ പൂണൈ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മുംബൈ പോലീസ് ബാബന്‍ സെലിക്കയെ പിടികൂടി.

SHARE