ആരോപണ- പ്രത്യാരോപണങ്ങളുമായി ഹിസ്ബുള്ള- ഇസ്രയേൽ, കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദിവസംതന്നെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയാണെന്ന് ഹിസ്ബുള്ള

ബയ്‌റുത്ത്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദുവസംതന്നെ ആക്രമണവുമായി ഇസ്രയേലും ഹിസബുള്ളയും. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇരുകൂട്ടരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തി.

തെക്കൻമേഖലയിലേക്ക് വാഹനങ്ങളിൽ മടങ്ങിയെത്തിയവർക്കുനേരേ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിൽ രണ്ടുപേർക്ക് പരുക്കുപറ്റി. ഇസ്രയേൽ അതിർത്തിയോട് ചേർന്ന മർകബയിലാണ് സംഭവം. മടക്കം സംശായസ്പദമായി തോന്നിയതിനാലും ഹിസ്ബുള്ള ഭീകരർ നുഴഞ്ഞുകയറിയതുമാണ് വെടിയുതിർക്കാൻ കാരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ഇസ്രയേൽ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ ഏഴ് മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചാണ് ഇസ്രയേൽ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയി അറിയിപ്പ് നൽകിയത്. ഇസ്രയേൽ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹിസ്ബുള്ള എം.പി. ഹസൻ ഫദ്ലള്ള പറഞ്ഞു. വെടിനിർത്തൽ കരാർ നിലവിൽവന്നതോടെ സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 13 മാസത്തിലേറെയായുള്ള സംഘർഷത്തിനു വിരാമമിടാൻ യുഎസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ ബുധനാഴ്ചയാണ് 60 ദിന വെടിനിർത്തൽ കരാർ നിലവിൽവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7