കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് കഴിക്കാൻ അനുമതി നൽകുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ മുന്നണി ബീഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബീഫ് കഴിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് മൊറാദാബാദില്‍ നടന്ന ബി.ജെ.പി പ്രചാരണ പരിപാടിക്കിടെ യോഗി ആദിത്യനാഥ് ആരോപിച്ചു.

‘നാണംകെട്ട കോണ്‍ഗ്രസ് ബീഫ്കഴിക്കാനുള്ള അനുമതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുകയാണ്. കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാന്‍ പോകുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുമോ ? ഗോമാതാവിനോടുള്ള ആരാധന കാരണം ഹിന്ദു ആചാരം പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ബീഫ് കഴിക്കാത്തവാരാണ്.

ന്യൂനപക്ഷങ്ങളെ പരിഗണിച്ച് കോണ്‍ഗ്രസ് ബീഫ് കഴിക്കാനുള്ള ഇളവ് നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല – ആദിത്യനാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എവിടെയും ബീഫിനെപ്പറ്റി പരാമര്‍ശമില്ല എന്നിരിക്കെയാണ് അദ്ദേഹം ഈ വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പല സംസ്ഥാനങ്ങളിലും ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ കര്‍ശന നിയമങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഭേദഗതി ചെയ്യപ്പെട്ട ഗോവധ നിരോധന നിയമമനുസരിച്ച് യു.പിയില്‍ ഗോവധം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രുപ പിഴയും വരെ ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7