കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് ഡിജിപി. ഐ ഇ ഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നും ഡിജിപി പറഞ്ഞു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുന്ന രീതിയാണ് നടന്നത്. ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി.
തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശേരിയിലെത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.
ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കേറ്റു. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്കു പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം.
കളമശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവതരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം പലസ്തീനൊപ്പം പൊരുതുമ്പോൾ ജനശ്രദ്ധp മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കുമെന്നും എം.വിഗോവിന്ദൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ.
സർക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി സ്ഫോടനത്തെ അപലപിക്കണം. പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണം. സ്ഫോടനം ഭീകരപ്രവർത്തനത്തിന്റെ ഭാഗമാകാം. ഗൗരവമായ പരിശോധ നടത്തണം. മുൻവിധിയോടെ സമീപിക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണു വിവരം. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 2000ൽ പരം ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം.